കാസര്‍കോട്: വഴിയില്‍ കാത്തുനിന്ന് യുവതിയെ കഠാരകൊണ്ട് ആക്രമിച്ച് ആണ്‍സുഹൃത്ത്. അഡൂര്‍ കുറത്തിമൂല സ്വദേശി രേഖ (27)യെ ആണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കര്‍ണാടക മണ്ടക്കോല്‍ കന്യാന സ്വദേശി പ്രതാപാണ് പ്രതിയെന്ന് പോലിസ് അറിയിച്ചു.
രേഖയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് കൂടിയായ പ്രതാപ്, അഡൂരിലെ ഒരു ലോട്ടറി സ്റ്റാളിലെ ജീവനക്കാരിയായ രേഖയെ നിരന്തരം ശല്യം ചെയ്തുവരികയായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് രേഖ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതാപിന്റെ ഉപദ്രവങ്ങളെ കുറിച്ച് ആദൂര്‍ പോലിസ് സ്‌റ്റേഷനിലും വനിതാ സെല്ലിലും രേഖ പരാതി സമര്‍പ്പിച്ചിരുന്നു. സ്‌റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍, ഇനി ശല്യം ചെയ്യില്ലെന്ന് പ്രതാപ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രേഖയെ വഴിയില്‍ കാത്തുനിന്ന പ്രതി, കഠാരകൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു.
സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി പോലിസ് അറിയിച്ചു.