എയര്‍പോർട്ടിൽ ട്രക്കിൽ നിന്ന് തെറിച്ചുവീണ യുവാവ് വിമാനം ഇടിച്ചുമരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

വിമാനം കെട്ടിവലിക്കാൻ ഉപയോഗിച്ച ട്രക്കിന്റെ പാസഞ്ചർ സീറ്റിലിരിക്കുകയായിരുന്ന യുവാവ് അതിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

Update: 2024-02-06 11:59 GMT

ഹോങ്കോങ്: കെട്ടിവലിച്ചു കൊണ്ടുപോവുകയായിരുന്ന വിമാനം ഇടിച്ച് എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം. ഹോങ്കോങ് വിമാനത്താവളത്തിലാണ് അപൂർവമായ അപകടം സംഭവിച്ചത്. ടാക്സിവേയിൽ വിമാനം കെട്ടിവലിച്ചു കൊണ്ടുപോവുകയായിരുന്ന ട്രക്ക് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

34 വയസുള്ള യുവാവാണ് മരിച്ചത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. എന്നാൽ ജോര്‍ദാൻ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം കെട്ടിവലിക്കാൻ ഉപയോഗിച്ച ട്രക്കിന്റെ പാസഞ്ചർ സീറ്റിലിരിക്കുകയായിരുന്ന യുവാവ് അതിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നിലൂടെ കെട്ടിവലിച്ച് കൊണ്ടുവരികയായിരുന്ന വിമാനത്തിന്റെ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു ദാരുണാന്ത്യം.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കുകളോടെ യുവാവ് ടാക്സിവേയിൽ കിടക്കുന്നതാണ് എമര്‍ജൻസി വിഭാഗം ജീവനക്കാര്‍ കണ്ടത്. പരിശോധിച്ചപ്പോഴും മരണം സംഭവിച്ച് കഴിഞ്ഞിരുന്നു. ഗ്രൗണ്ട് സപ്പോര്‍ട്ട് മെയിന്റനൻസ് കമ്പനിയായ ചൈന എയര്‍ക്രാഫ്റ്റ് സര്‍വീസസിന്റെ ജീവനക്കാരനാണ് മരിച്ചതെന്ന് ഹോങ്കോങ് വിമാനത്താവള അധികൃതര്‍ പറഞ്ഞു. വാഹനത്തിൽ ഇരിക്കുമ്പോൾ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലെന്നാണ് സൂചനയെന്നും അധികൃതര്‍ അറിയിച്ചു. വിമാനം കെട്ടിവലിച്ച ട്രക്ക് ഓടിച്ചിരുന്ന 60 വയസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ച് ഒരാളുടെ മരണകാരണമായി എന്ന സംശയത്തിലാണ് അറസ്റ്റ്. അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News