കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

Update: 2025-12-02 05:38 GMT

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വയനാട് കേണിച്ചിറ സ്വദേശി ജില്‍സ(43)നാണ് ആത്മഹത്യ ചെയ്തത്. മൂര്‍ച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത ശേഷം മുറിവില്‍ നിന്ന് കൈകൊണ്ട് ഞെക്കി രക്തം കളയുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

ഏഴു മാസം മുന്‍പാണ് ജില്‍സനെ മാനന്തവാടി സബ് ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഇതിനു മുന്‍പും ഇയാള്‍ രണ്ടു തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ ജില്‍സന് തുടര്‍ച്ചയായി കൗണ്‍സിലിങ് നല്‍കി വരികയായിരുന്നു. ചിത്രകാരനായിരുന്ന ജില്‍സന്‍, ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ചിത്രപ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വിഷുവിനാണ് ജില്‍സന്‍ ഭാര്യയെ കൊലപ്പെടുത്തിയത്. മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം. അതിനുശേഷം ഇയാള്‍ ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ജല അതോറിറ്റിയിലെ പടിഞ്ഞാറത്തറയിലെ പ്ലംബിങ് ജീവനക്കാരനായിരുന്നു ജില്‍സന്‍.

Tags: