എഎസ്‌ഐ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Update: 2022-06-17 15:40 GMT

മാള: മഫ്തിയിലാണെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയെ മാള പോലിസ് അറസ്റ്റ് ചെയ്തു. ചിലങ്ക സ്വദേശിയായ വാഴയ്ക്കാമഠത്തില്‍ ജാസി എന്നറിയപ്പെടുന്ന സുല്‍ത്താന്‍ കരിം (29) ആണ് അറസ്റ്റിലായത്. കുഴൂര്‍ സ്വദേശികളും വിദ്യാര്‍ഥികളുമായ സഞ്ജയ് രവീന്ദ്രന്‍, അവിനാശ്, അര്‍ജുന്‍ എന്നിവര്‍ വൈകുന്നേരം അഞ്ചരയോട് കൂടെ നടക്കാന്‍ ഇറങ്ങിയതായിരുന്നു. ആ സമയം എതിര്‍വശത്തുനിന്നും വന്ന കെ എല്‍08എ എച്ച്803 നമ്പര്‍ മാരുതി 800 കാറില്‍ ഇവരുടെ അടുത്ത് എത്തിയ പ്രതി ബൈക്കില്‍ ഇവര്‍ മൂന്നുപേരും യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് അറിയിച്ചു.

താന്‍ മാള പോലിസ് സ്‌റ്റേഷനില്‍ പുതുതായി വന്ന എഎസ്‌ഐ ആണെന്നാണ് അയാള്‍ അവരോടു പറഞ്ഞത്. സംശയം തോന്നിയ വിദ്യാര്‍ഥികള്‍ ഐഡി കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അവരെ ഭീഷണിപ്പെടുത്തുകയും ബലമായി കാറില്‍ കയറ്റി സ്‌റ്റേഷനിലേക്കെന്നുപറഞ്ഞ് കൊണ്ടുപോവുകയും ചെയ്തു. സ്‌റ്റേഷന്‍ എത്തുന്നതിനുമുമ്പ് വണ്ടി നിര്‍ത്തി അയാള്‍ 1,000 രൂപ നല്‍കിയാല്‍ വെറുതെ വിടാമെന്നും റസീപ്റ്റ് സ്‌റ്റേഷനില്‍ നിന്നും പിറ്റേദിവസം വന്ന് കൈപ്പറ്റിക്കൊള്ളാനും പറഞ്ഞു. പെരുമാറ്റത്തില്‍ സംശയം തോന്നിയ വിദ്യാര്‍ഥികള്‍ സ്‌റ്റേഷനിലെത്തി നേരിട്ട് ഫൈന്‍ അടക്കാമെന്ന് അറിയിച്ചു.

ഇതോടെ ഇയാള്‍ കടന്നുകളയായിരുന്നു. തുടര്‍ന്ന് ഇവര്‍ മാള പോലിസില്‍ പരാതി നല്‍കി. എസ്എച്ച്ഒ വി സജിന്‍ ശശിയുടെ നേതൃത്വത്തില്‍ എസ്‌ഐ രമ്യ കാര്‍ത്തികേയന്‍, എഎസ്‌ഐമാരായ സുമേഷ്, മുഹമ്മദ് ബാഷി, സീനിയര്‍ സിപിഒ ജിബിന്‍ കെ ജോസഫ്, സിപിഒമാരായ ഷഹീര്‍ അഹമ്മദ്, മാര്‍ട്ടിന്‍, ഭരതന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് മാളയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ മാള പോലിസ് സ്‌റ്റേഷനില്‍ വഞ്ചനാ കേസ് നിലവിലുണ്ട്. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    

Similar News