മുത്തശ്ശിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റു; യുവാവ് അറസ്റ്റില്‍

Update: 2026-01-14 07:40 GMT

വാരണാസി: മുത്തശ്ശിയുടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വാരണാസി ദുര്‍ഗാഗഞ്ച് സ്വദേശിയായ നിഹാല്‍ അലിയെ (25) യാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കമ്മലുകള്‍, ലോക്കറ്റ്, മംഗലസൂത്ര മുത്തുകള്‍ ഉള്‍പ്പെടെ ഏകദേശം രണ്ടുലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുര്‍ഗാഗഞ്ച് പ്രദേശത്ത് നിന്ന് നിഹാല്‍ അലി പിടിയിലായത്.

വരുമാന സ്രോതസ്സൊന്നുമില്ലാത്ത നിഹാല്‍ പുതിയതായി വാങ്ങിയ കാറില്‍ സഞ്ചരിക്കുന്നതുകണ്ട് കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നിയതോടെയാണ് ആഭരണങ്ങള്‍ കാണാതായ വിവരം പുറത്തുവന്നത്. തുടര്‍ന്ന് വൃദ്ധയായ സദ്രുന്‍ നിസയുടെ ആഭരണപ്പെട്ടി പരിശോധിച്ചപ്പോള്‍ വിലപിടിപ്പുള്ള നിരവധി സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി കണ്ടെത്തി. പരാതി ലഭിച്ചതോടെ യുവാവ് പോലിസ് നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ അഞ്ചു മാസമായി രോഗിയായ മുത്തശ്ശിയെ പരിചരിക്കുന്നതായി നടിച്ച് ആഭരണപ്പെട്ടിയില്‍ നിന്നാണ് പ്രതി തുടര്‍ച്ചയായി മോഷണം നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. മോഷണത്തിലൂടെ കൈവശപ്പെടുത്തിയ തുക ലഹരി വസ്തുക്കളുടെ ഉപയോഗത്തിനായാണ് ചെലവഴിച്ചതെന്നും, ഒരു മാസം മുന്‍പ് നാലു ലക്ഷം രൂപ വിലവരുന്ന കാര്‍ വാങ്ങിയതായും പോലിസ് സ്ഥിരീകരിച്ചു. അന്വേഷണത്തില്‍ പത്തു ലക്ഷം രൂപയില്‍ അധികം വിലമതിക്കുന്ന ആഭരണങ്ങള്‍ വിറ്റതായും, ഏകദേശം അഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വിവിധ ജ്വല്ലറികളില്‍ പണയം വച്ചതായും കണ്ടെത്തി.

Tags: