ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
ഹൈദരാബാദ്: അവിഹിതബന്ധം സംശയിച്ച് ഭാര്യയെ മക്കളുടെ മുന്നിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. വെങ്കിടേഷ് (31) ഭാര്യ ത്രിവേണിയെ (26) യാണ് കൊലപ്പെടുത്തിയത്. കേസില്‍ വെങ്കിടേഷിനെ പോലിസ് അറസ്റ്റ് ചെയ്തു.ഹൈദരാബാദിലെ നല്ലകുണ്ടയ്ക്ക് സമീപം തിലക് നഗറിലാണ് സംഭവം.
മദ്യലഹരിയിലായിരുന്ന വെങ്കിടേഷ് വീട്ടിലെത്തി ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൈവശം കരുതിയിരുന്ന പെട്രോള്‍ മക്കളുടെ മുന്നില്‍ വച്ച് ത്രിവേണിയുടെ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കൊലപാതകത്തിന് തൊട്ടുമുന്‍പ് പ്രതി മകനെ വിളിച്ചുണര്‍ത്തി പുറത്തേക്ക് കൊണ്ടുപോയി സമോസ വാങ്ങി നല്‍കിയതായും 'നിന്റെ അമ്മ ഇന്ന് മരിക്കും' എന്ന് പറഞ്ഞതായും അന്വേഷണത്തില്‍ പോലിസ് കണ്ടെത്തി. അമ്മയുടെ നിലവിളി കേട്ട് ഉണര്‍ന്ന ആറു വയസ്സുള്ള മകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നേരിയ പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ത്രിവേണിയെ അയല്‍വാസികള്‍ ചേര്‍ന്ന് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ എട്ടു വര്‍ഷമായി വിവാഹിതരായ ദമ്പതികള്‍ ഹുസൂര്‍ നഗര്‍ സ്വദേശികളാണെന്ന് പോലിസ് അറിയിച്ചു. ജോലിക്കു പോകുന്നതുമായി ബന്ധപ്പെട്ടും ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് സംശയം ആരോപിച്ചും വെങ്കിടേഷ് പതിവായി കലഹിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.