നന്ദിഗ്രാം പിടിക്കാന്‍ ഉറച്ച് മമത; ഹൗസ് കാംപയിന്‍ ആരംഭിച്ചു

Update: 2021-03-05 05:09 GMT

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മണ്ഡലത്തില്‍ ഹൗസ് കാംപയിന്‍ ആരംഭിച്ചു. ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ നന്ദിഗ്രാമില്‍നിന്നാണ് മമത ജനവിധി തേടുന്നത്. ഈ മാസം അവസാനത്തോടെ മമത തന്നെ നേരിട്ട് പ്രചാരണത്തിനിറങ്ങും. പ്രചാരണ സമയത്ത് മുഖ്യമന്ത്രിക്കും തൃണമൂല്‍ നേതാക്കള്‍ക്കും താമസിക്കാന്‍ പാര്‍ട്ടി നേരിട്ട് വീടുകള്‍ വാടകക്കെടുത്തിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന നന്ദിഗ്രാം തൃണമൂലിന്റെ ഏറ്റവും അഭിമാനകരമായ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ്. കാരണം 2006-08 കാലത്ത് ടാറ്റയ്ക്കു വേണ്ടി നന്ദിഗ്രാമില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരായ ബഹുജന മുന്നേറ്റങ്ങളാണ് ബാനര്‍ജിയുടെ രാഷ്ട്രീയ തിരിച്ചുവരവിനു കാരണമായത്. അതേ തുടര്‍ന്ന് 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അവര്‍ അധികാരത്തിലെത്തുകയും ചെയ്തു.

മുന്‍ തൃണമൂല്‍ നേതാവും മമതയുടെ കാബിനറ്റ് മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയാണ് മമതയുടെ എതിരാളി. കഴിഞ്ഞ വര്‍ഷം അവസാനം അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ച് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു.

മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നന്ദിഗ്രാം നിയമസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ ഒന്നിന് നടക്കും.

ബംഗാളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് വൈകീട്ട് മമത പുറത്തുവിടുമെന്നും കരുതുന്നു.

Tags:    

Similar News