'മമത ബിജെപി ഏജന്റ്'; തൃണമൂലിനെതിരേ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

Update: 2022-03-13 04:27 GMT

കൊല്‍ക്കത്ത; കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത മമതാ ബാനര്‍ജിക്കെതിരേ കടുത്ത ആക്ഷേപവുമായി ബംഗാള്‍ കോണ്‍ഗ്രസ് മേധാവി അധീര്‍ രഞ്ജന്‍ ചൗധരി. തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി ബിജെപിയുടെ ഏജന്റാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ്സിന് രാജ്യത്ത് അങ്ങോളണിങ്ങോളം സാന്നിധ്യമുണ്ട്. പ്രതിപക്ഷത്തിന്റെ 20 ശതമാനംവോട്ട് ഇപ്പോഴും കോണ്‍ഗ്രസ്സിനാണ്. തൃണമൂല്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ആലോചിക്കണമെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം പുറത്തുവന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മമത കോണ്‍ഗ്രസ്സിനെ അപഹസിച്ച് സംസാരിച്ചത്. എല്ലാ പാര്‍ട്ടികളും ബിജെപിക്കെതിരേ ഒന്നിക്കണമെന്നും പക്ഷേ കോണ്‍ഗ്രസ്സിനെ ആശ്രയിക്കാനാവില്ലെന്നും അവര്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് അധീര്‍ രഞ്ജന്‍ ചൗധരി മമതക്കെതിരേ ആക്ഷേപം ചൊരിഞ്ഞത്.

'ഭ്രാന്തനായ ഒരാളോട് പ്രതികരിക്കുന്നത് ശരിയല്ല. കോണ്‍ഗ്രസിന് ഇന്ത്യയിലാകെ 700 എംഎല്‍എമാരുണ്ട്. ദീദിക്ക് അതുണ്ടോ? പ്രതിപക്ഷത്തിന്റെ മൊത്തം വോട്ട് ഷെയറിന്റെ 20 ശതമാനം കോണ്‍ഗ്രസിന് ഉണ്ട്. അവര്‍ക്ക് അതുണ്ടോ? ബിജെപിയെ പ്രീതിപ്പെടുത്താനും അതിന്റെ ഏജന്റായി പ്രവര്‍ത്തിക്കാനുമാണ് അവര്‍ ഇത് പറയുന്നത്. സ്വന്തം പ്രസക്തി നിലനിര്‍ത്താനാണ് അവള്‍ ഇതുപോലുള്ള കാര്യങ്ങള്‍ പറയുന്നത്,'- അദ്ദേഹം പറഞ്ഞു.

Tags:    

Similar News