എസ്‌ഐആര്‍ നിര്‍ത്തലാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതി മമത ബാനര്‍ജി
കൊല്‍ക്കത്ത: എസ്‌ഐആര്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറിന് കത്തെഴുതി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്ഐആറില്‍ വലിയ പിഴവുകളുണ്ടെന്ന് അവര്‍ പറഞ്ഞു. മതിയായ പരിശീലനമോ മാര്‍ഗ്ഗനിര്‍ദേശങ്ങളോ തയ്യാറെടുപ്പുകളോ ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്ഐആര്‍ നടപ്പിലാക്കിയതെന്നും ഇത് ബിഎല്‍ഒമാരെയും ജനങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും മമത ആരോപിച്ചു.
ആവശ്യമായ രേഖകളിലെ അവ്യക്തത, സെര്‍വര്‍ പ്രശ്‌നങ്ങള്‍, ഓണ്‍ലൈന്‍ ഫോമുകളിലെ പതിവ് ഡാറ്റ പൊരുത്തക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ബിഎല്‍ഒയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. മനുഷ്യശേഷിക്ക് അപ്പുറമുള്ള സമ്മര്‍ദ്ദമാണിതെന്നും അവര്‍ വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനം നെല്ല് കൊയ്‌തെടുക്കുന്നതിന്റെയും റാബി വിളകള്‍ വിതയ്ക്കുന്നതിന്റെയും തിരക്കിലാണ്, അതിനാല്‍ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ വയലുകളില്‍ തിരക്കിലാണ്. ഇത് ഫോം പുരിപ്പിക്കല്‍ നടപടികള്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. എസ്ഐആര്‍ ജോലിയുടെ സമ്മര്‍ദ്ദവുമായി ആളുകള്‍ ആത്മഹത്യ ചെയ്യുന്നു. പ്രക്രിയ ആരംഭിച്ചതിനുശേഷം അത്തരം കേസുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.