ശാന്തി മന്ത്രാലാപനത്തിനു പിന്നാലെ ദുര്‍ഗാ മന്ദിര്‍ സന്ദര്‍ശനവുമായി മമതയുടെ തിരഞ്ഞെടുപ്പ് പ്രചാരണം
പുര്‍ബമെദിനിപൂര്‍: ദുര്‍ഗാമന്ദിറില്‍ ആരാധന നടത്തി നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം മെദിനിപൂരില്‍ പൊതുപരിപാടിയില്‍ ശാന്തിമന്ത്രം ചൊല്ലിയാണ് മമത തിരഞ്ഞെടുപ്പ്് റാലി ആരംഭിച്ചത്.
ബുധനാഴ്ച രാവിലെയാണ് മമത, നന്ദിഗ്രാം മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മുന്‍ കാബിനറ്റ് മന്ത്രിയും മമതയുടെ അടുത്ത അനുയായിയുമായിരുന്ന സുവേന്ദു അധികാരിയാണ് മമതയുടെ എതിരാളി.
ബിജെപിയെ അതേ നാണയത്തില്‍ തന്നെ എതിരിടാനാണ് മമതയുടെ നീക്കം. താന്‍ ഹിന്ദു ബ്രാഹ്മണ പെണ്‍കുട്ടിയാണെന്നും തന്നെ ഹിന്ദു കാര്‍ഡ് ഉപയോഗിച്ച് തോല്‍പ്പിക്കാനാവില്ലെന്നു ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് റാലിയില്‍ മമത പ്രസംഗിച്ചിരുന്നു.
''70:30 നിരക്കിനെ കുറിച്ച് സംസാരിക്കുന്നവര്‍ ഒന്നു മനസ്സിലാക്കണം. എനിക്ക് ശാന്തിമന്ത്രം ആലപിക്കാനറിയാം. ശ്ലോകം ചൊല്ലിയാണ് എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത്. എന്നോട് ഹിന്ദു കാര്‍ഡ് ഉപയോഗിച്ച് കളിക്കരുത്. ശാന്തിപാദ ശ്ലോകം ആലപിക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുന്നു- മമത കഴിഞ്ഞ ദിവസം റാലിയില്‍ ബിജെപിക്കെതിരേ ആഞ്ഞടിച്ചു.
70:30 ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ വിഭജിക്കാനാവില്ലെന്നും എല്ലാവരും തുല്യരാണെന്നും മമത കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ 355 ബൂത്തുകളും മൊത്തം 2.53 ലക്ഷം വോട്ടര്‍മാരുമുണ്ട്. ഇതില്‍ 27.55 ശതമാനം വോട്ടര്‍മാര്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരാണ്. ഈ 30 ശതമാനം ഒഴിവാക്കി ബാക്കി ലഭിച്ചാല്‍ ജയിക്കാമെന്നാണ് ബിജെപിയുടെ തന്ത്രം.
