കൊല്‍ക്കത്ത: കൂടുതല്‍ പേര്‍ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമതാ ബാനര്‍ജി. മുന്‍ തൃണമൂല്‍ നേതാവും പിന്നീട് ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്ത മുകുള്‍ റോയി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് മമത കൂടുതല്‍ പേര്‍ തിരിച്ചെത്തിയേക്കുമെന്ന സൂചന നല്‍കിയത്.
അതേസമയം പാര്‍ട്ടിയെ അവഹേളിച്ചും അപമാനിച്ചും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി വിട്ടവരെ തിരിച്ചെടുക്കില്ലെന്ന് മമത വ്യക്തമാക്കി. പണത്തിനുവേണ്ടി പാര്‍ട്ടിവിട്ടവരെയും പരിഗണിക്കില്ല. മാന്യരും മൃദുഭാഷികളുമായി പാര്‍ട്ടിക്കുപുറത്തുപോയവരെയാണ് തിരിച്ചെടുക്കുക.
അതേസമയം ആരൊക്കെ തിരികെയെത്തുമെന്ന വിവരങ്ങള്‍ മമത പുറത്തുവിട്ടിട്ടില്ല.
ഏപ്രില്‍ അവസാനം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ ശേഷമാണ് തൃണമൂലിലേക്ക് തിരിച്ചൊഴുക്ക് തുടങ്ങിയത്.
മുകുള്‍ റോയി തിരിച്ചെത്തിയേക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.
തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുമായി മുകുള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തിരിച്ചെടുക്കലുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായത്.
കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നാണ് മുകുള്‍ മല്‍സരിച്ചത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥി കൗഷാനി മുഖര്‍ജിയെ പരാജയപ്പെടുത്തി.
2017ലാണ് മുകുള്‍ പാര്‍ട്ടി വിട്ടത്. തൃണമൂലിന്റെ സ്ഥാപക അംഗം കൂടിയാണ് അദ്ദേഹം.
