നാഷണല്‍ ഹെറാള്‍ഡ് കേസ് ബിജെപിയുടെ പ്രതികാര രാഷ്ട്രീയമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച പരാതി പരിഗണിക്കാന്‍ വിസമ്മതിച്ച വിചാരണ കോടതിയുടെ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യം വയ്ക്കുക എന്നതായിരുന്നു കേസിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഭരണകക്ഷിയുടെ പ്രതികാര രാഷ്ട്രീയമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാലും ബിജെപിയുടെ പ്രതികാര രാഷ്ട്രീയം ആവര്‍ത്തിച്ചു. പ്രതിപക്ഷ നേതാക്കളെ തുടര്‍ച്ചയായി ലക്ഷ്യമിടുന്നതില്‍ രാജ്യമെമ്പാടുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ രോഷാകുലരാണെന്നും അദ്ദേഹം പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റു 1938ലാണ് പാര്‍ട്ടി മുഖപത്രമായി 'നാഷണല്‍ ഹെറാള്‍ഡ്' തുടങ്ങിയത് . ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് 38% ഓഹരിയുള്ള 'യങ് ഇന്ത്യന്‍' (വൈഐ) എന്ന കമ്പനി, നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എജെഎല്‍.) 90 കോടിയിലധികം രൂപയുടെ കടം 50 ലക്ഷം രൂപയുടെ നാമമാത്ര തുകക്ക് ഏറ്റെടുത്തു എന്നാണ് കേസ്.
കേസില്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പ് രാഹുലിനും സോണിയക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്. 5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം.
