മലയോര ഹൈവേ: 94 കിലോമീറ്റര്‍ പൂര്‍ത്തിയായി; 652 കിലോമീറ്ററിനുള്ള പണമനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ റോഡ് വികസന പദ്ധതികളിലൊന്നായ മലയോര ഹൈവേയുടെ നിര്‍മാണം 93.69 കിലോമീറ്റര്‍ പൂര്‍ത്തിയായി. നന്ദാരപ്പടവ്-ചേവാര്‍, ചെറുപുഴ-വള്ളിത്തോട്, പുനലൂര്‍ കെഎസ്ആര്‍ടിസി-ചല്ലി മുക്ക് തുടങ്ങിയ സ്ട്രച്ചിലെ നിര്‍മാണമാണ് പൂര്‍ത്തിയായത്.
കാസര്‍കോഡ്- നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം-പാറശ്ശാല വരെ 1215 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന മലയോര ഹൈവേ പദ്ധതിക്ക് 3,500 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) തയാറായി. അതില്‍ 652.64 കിലോമീറ്റര്‍ പ്രവര്‍ത്തിക്ക് 2175.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സംരക്ഷണഭിത്തികള്‍, കാല്‍നടയാത്രക്ക് ഇന്റര്‍ലോക്ക് ടൈല്‍ പാതകള്‍, കോണ്‍ക്രീറ്റ് ഓടകള്‍, കലുങ്കുകള്‍, യൂട്ടിലിറ്റി ക്രോസ് ഡെക്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മലയോര ഹൈവേ പദ്ധതി. വാഹന യാത്രക്കാര്‍ക്ക് വേ സൈഡ് അമിനിറ്റി സെന്റര്‍, പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് ബസ് ഷെല്‍ട്ടര്‍ എന്നിവയും പദ്ധതിയിലുള്‍പ്പെടുന്നു. എല്ലാ ആഴ്ചയും ഒരു ദിവസം പിഡബ്ല്യുഡി മിഷന്‍ ടീം യോഗം ചേര്‍ന്ന് മലയോര ഹൈവേ ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നുമുണ്ട്. റോഡ് നിര്‍മാണ രംഗത്തെ പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണു പ്രവൃത്തി പൂരോഗമിക്കുന്നത്.
