ഗുവാഹത്തി ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചനിലയില്‍

Update: 2022-09-17 13:46 GMT

ഗുവാഹത്തി: കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥിയെ ഗുവാഹത്തി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

'ഇന്നലെ രാത്രി ഐഐടിഗുവാഹത്തിയിലെ ഹോസ്റ്റലില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്. ഇയാളുടെ മൃതദേഹം മുറിയില്‍ നിന്ന് കണ്ടെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു,' പോലീസ് സൂപ്രണ്ട്, കാംരൂപ്, ഹിതേഷ് സിഎച്ച് പറഞ്ഞു.

ഡിസൈന്‍ വിഭാഗത്തിലെ ബിരുദവിദ്യാര്‍ത്ഥി സൂര്യനാരായണ്‍ പ്രേം കിഷോറാണ് മരിച്ചതെന്ന് ഐഐടി ഗുവാഹത്തി പുറത്തിറക്കിയ പ്രസ്താവനയില്‍ കാണുന്നു.

ഐഐടിജിയില്‍ ഒരു ദശാബ്ദത്തിനിടെ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് 2019 ഡിസംബര്‍ 2ന് മാനവ വിഭവശേഷി മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 14 വിദ്യാര്‍ത്ഥികള്‍ മരിച്ചിട്ടുണ്ട്.

Tags: