മലപ്പുറത്തിന്റെ പ്രാണവായു പദ്ധതി: മലപ്പുറംകാരുടെ പോക്കറ്റടിക്കാനുള്ള ശ്രമമെന്ന്; സാമൂഹികമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം

Update: 2021-07-06 08:48 GMT

മലപ്പുറം: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം. പൊതുഖജനാവില്‍ നിന്ന് നടത്തേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം നിഷേധിച്ച് കൊവിഡ് പ്രതിരോധത്തിനുള്ള പണം പിരിച്ചുണ്ടാക്കാനുള്ള ശ്രമം നടക്കില്ലെന്നാണ് ഫേസ്ബുക്ക് ആക്റ്റിവിസ്റ്റുകള്‍ ആരോപിക്കുന്നത്. കേരളത്തില്‍ ഏറ്റവും കുറവ് വാക്‌സിന്‍ വിതരണം ചെയ്ത ജില്ല മലപ്പുറമായതും ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പിന്നില്‍ നില്‍ക്കുന്നതുമൊക്കെ വിമര്‍ശകര്‍ കണക്കുസഹിതം ഉന്നയിക്കുന്നുണ്ട്.

കൊവിഡ് 19 വ്യാപനം തടയുന്നതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണെന്നാണ് മലപ്പുറം കലക്ടര്‍ അവകാശപ്പെടുന്നത്. ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച 'മലപ്പുറത്തിന്റെ പ്രാണവായു' പദ്ധതിക്ക് പ്രശസ്ത സിനിമാ താരം ഭരത് മമ്മൂട്ടിയാണ് തുടക്കം കുറിച്ചത്.


Full View


''മലപ്പുറത്തുകാരുടെ പോക്കറ്റടിയ്ക്കാനായി പുതിയ ഒരു പദ്ധതി വന്നിട്ടുണ്ട്. പേരു 'മലപ്പുറത്തിന്റെ പ്രാണവായു'. കൊവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ ഹോസ്പിറ്റലില്‍ സൗകര്യം കൂട്ടണമത്രെ. അതിനു നാട്ടുകാരുടെ പണം വേണമത്രെ.

അപ്പോള്‍ ബാക്കി 13 ജില്ലകളില്‍ എങ്ങനെയാണ്?

അവിടെ സംസ്ഥാനസര്‍ക്കാര്‍ ആവശ്യമായ ഫണ്ട് നല്‍കും. ആശുപത്രിസൗകര്യങ്ങള്‍ വികസിപ്പിയ്ക്കും!

സര്‍ക്കാരിനു ഈ ഫണ്ടുകളെല്ലാം എങ്ങനെ ലഭിയ്ക്കുന്നതാണ്? കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം കൊണ്ട്!

അപ്പോള്‍ മലപ്പുറത്തുകാര്‍ നല്‍കുന്ന നികുതി ആര്‍ക്കാണു വീതിയ്ക്കുന്നത്? മറ്റ് 13 ജില്ലക്കാര്‍ക്ക്.''- യൂനുസ് ഖാന്‍ എഴുതുന്നു.



Full View


''അതേ. 'മലപ്പുറം മോഡല്‍ ചതി' വീണ്ടും ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ പരിഹരിക്കാന്‍ 'പ്രാണവായു' എന്ന പദ്ധതിക്ക് തുടക്കമായതായി ജില്ലാ കളക്ടര്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അതിന് ശേഷം മറ്റു ജില്ലാ കളക്ടര്‍മാരുടെ പേജുകള്‍ എല്ലാം പരതി നോക്കി. മരുന്നിന് പോലും ഇല്ല. അവിടെ സര്‍ക്കാര്‍ തന്നെ എല്ലാം പരിഹരിക്കുന്നു. ഇവിടെ പതിവ് പോലെ മലപ്പുറത്തുകാരെ പിഴിയുന്നു. ആദ്യഘട്ടത്തില്‍ 20 കോടി രൂപയുടെ ഉപകരണങ്ങള്‍ ആണ് വാങ്ങുന്നത്. എന്താണ് മലപ്പുറത്ത് വികസനം വരുമ്പോള്‍ മാത്രം അത് ജനങ്ങളില്‍ നിന്നും പിരിക്കുന്നത്? മലപ്പുറത്തെ ജനങ്ങള്‍ കൊടുക്കുന്നത് എന്താണ് നികുതിയല്ലേ? ഞങ്ങള്‍ക്കെന്താ സര്‍ക്കാര്‍ ഫണ്ട് പുളിക്കുമോ?''- ഇര്‍ഷാദ് മൊറയൂര്‍ എഴുതി.

ഇവര്‍ക്കു പുറമെ നിരവധി ഫേസ് ബുക്ക് ഐഡികള്‍ കലക്ടരുടെ പദ്ധതിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.

അതേസമയം കലക്ടറുടെ പദ്ധതിക്കെതിരേ തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് ജനപ്രതിനിധികള്‍ വ്യക്തമാക്കി.