മലപ്പുറം പ്രസ് ക്ലബ്ബ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി; കെ എം ബഷീര്‍ മാധ്യമ പുരസ്‌കാരം ജിമ്മി ഫിലിപ്പിനും സുനില്‍ ബേബിക്കും

Update: 2022-02-15 11:55 GMT

മലപ്പുറം: 50 കൊല്ലം പൂര്‍ത്തിയാക്കിയ മലപ്പുറം പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി പരാപാടികള്‍ക്ക് ഉജ്വല തുടക്കം. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസ് ക്ലബ്ബിന്റെ പ്രഥമ കെ.എം ബഷീര്‍ മാധ്യമ പുരസ്‌കാരം ജിമ്മി ഫിലിപ്പിനും സുനില്‍ ബേബിക്കും അദ്ദേഹം കൈമാറി.

അടിയന്തരവാസ്ഥയുടെ ഭീകരനാളുകള്‍ക്ക് വരെ സാക്ഷിയായ മലപ്പുറം പ്രസ് ക്ലബ്ബിന് അര നൂറ്റാണ്ടിന്റെ മാധ്യമ ചരിത്രം പറയാനുണ്ടെന്നും സുവര്‍ണ ജൂബിലി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനുള്ള അവസരം കൂടിയാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. മീഡിയ ഡയറക്ടറി പ്രകാശനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു.

പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.എം റിയാസ് ആമുഖഭാഷണം നടത്തി. പുരസ്‌കാര ജേതാക്കളെ ട്രഷറര്‍ സി.വി രാജീവ് പരിചയപ്പെടുത്തി. സ്ഥാപക നേതാവും മുന്‍ പ്രസിഡന്റുമായ പാലോളി കുഞ്ഞിമുഹമ്മദ് പ്രസ് ക്ലബ്ബിന്റെ 50 കൊല്ലത്തെ ചരിത്രം വിവരിച്ചു. കെ.എം ബഷീറിന്റെ ഭാര്യാസഹോദരന്‍ താജുദ്ദീന്‍ ഇരിങ്ങാവൂര്‍, കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. മഹേഷ് കുമാര്‍, വി. അജയ്കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.വി സന്ദീപ്, മുന്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, നിര്‍വാഹക സമിതി അംഗങ്ങായ വി.പി നിസാര്‍, കെ. ഷമീര്‍, അബ്ദുല്‍ ഹയ്യ് എന്നിവര്‍ സംസാരിച്ചു.

ജിമ്മി ഫിലിപ്പും സുനില്‍ ബേബിയും മറുപടി പ്രസംഗം നടത്തി. ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'കുട്ടനാട് വീണ്ടെടുക്കാം വീഴ്ചയില്ലാതെ' പരമ്പരയാണ് ജിമ്മിയെ അര്‍വാര്‍ഡിന് അര്‍ഹനാക്കിയത്. മീഡിയ വണ്‍ സംപ്രേഷണം ചെയ്ത 'തീക്കനല്‍ക്കര' പരിപാടിക്ക് സുനിലിനും പുരസ്‌കാരം ലഭിച്ചു.

25,000 രൂപ വീതവും ഫലകവും അടങ്ങുന്നതാണ് കെ.എം ബഷീര്‍ മാധ്യമ പുരസ്‌കാരം. ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി പരിപാടികള്‍ക്കാണ് പ്രസ് ക്ലബ് ഹാളില്‍ തുടക്കമായത്.

Tags:    

Similar News