ആരോഗ്യ മേഖലയില്‍ മലപ്പുറത്തിന് പ്രത്യേക പരിഗണന വേണമെന്ന് ഡോ. കെ.പി. അരവിന്ദന്‍
മലപ്പുറം: മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മകളും ജില്ലയുടെ വലിപ്പവും ജനസാന്ദ്രതയും മറ്റു പ്രത്യേകതകളും പരിഗണിച്ച് മലപ്പുറം ജില്ലയ്ക്ക് ആരോഗ്യ മേഖലയില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് സര്‍ക്കാര്‍ ആരോഗ്യ നയ രൂപീകരണ കമ്മിറ്റി കണ്‍വീനറും വിദഗ്ദ സമിതി മെമ്പറും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ പത്തോളജി പ്രൊഫസറും മേധാവിയുമായിരുന്ന ഡോ.കെ.പി. അരവിന്ദന്‍ പറഞ്ഞു. കൊവിഡ് വാക്‌സിന്‍ ഏറ്റവും പെട്ടെന്ന് എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് പ്രതിരോധത്തിന് ഏറ്റവും വലിയ മാര്‍ഗ്ഗം. ഡോ. സത്യനാരായണന്‍ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ 'മലപ്പുറവും കൊവിഡും - ലോക്ക് ഡൗണ്‍ മാത്രം പരിഹാരമോ ' എന്ന വിഷയത്തില്‍ വെബിനാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ല ഘടകമാണ് ചര്‍ച്ച സംഘടിപ്പിച്ചത്. മഞ്ചേരി ജനറല്‍ ആശുപത്രിയും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും നഷ്ടപ്പെടുത്തി ഒരു മെഡിക്കല്‍ കോളേജ് വന്നത് ജില്ലയില്‍ ചികിത്സാ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും അതിന് പരിഹാരം ഉണ്ടാക്കണമെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയും സര്‍ക്കാര്‍ വിദഗ്ധസമിതി അംഗവുമായ ഡോ. ചാന്ദ്‌നി പറഞ്ഞു.
രോഗി കിടക്കകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഏറ്റവും മോശമായ അനുപാതമാണ് മലപ്പുറം ജില്ലയിലെന്നും രണ്ട് ജില്ലകള്‍ ചേര്‍ത്ത് വെച്ചാലത്രയും വലിപ്പമുള്ള ജില്ലയില്‍ ആരോഗ്യ സംവിധാനങ്ങളില്‍ വലിയ പോരായ്മകളാണുള്ളതെന്നും കൊവിഡ് വാക്‌സിന്‍ കവറേജ് ലഭ്യത മൂലം ഏറ്റവും കുറവ് ജില്ലയിലാണെന്നും ജില്ല ഒരു കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ തയാറെടുക്കേണ്ടതുണ്ടെന്നും കെ.ജി.എം.ഒ.എ ജില്ലാ സെക്രട്ടറി ഡോ. ഹാനി ഹസന്‍ വിഷയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഡോ. മൊയ്തീന്‍. കെ.പി. അധ്യക്ഷനായിരുന്നു. മുന്‍ ജില്ലാ പ്രസിഡണ്ട് ഡോ.മുരളീധരന്‍ എം സത്യനാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ.അബ്ദുല്‍ ജലീല്‍ സ്വാഗതം പറഞ്ഞു. കെ.ജി.എം.ഒ. എ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ. വിജയകൃഷ്ണന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സുരേഷ്. ടി.എന്‍, സംസ്ഥാന ട്രഷറര്‍ ഡോ. ജമാല്‍ അഹമ്മദ്, എഡിറ്റര്‍ ഡോ. അനുപ് . വി , സംസ്ഥാന വൈസ് പ്രസിഡണ്ട് (നോര്‍ത്ത് സോണ്‍ ) ഡോ. ഷംസുദ്ദീന്‍ പുലാക്കല്‍, മുന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുരേഷ് . ഇ.ടി എന്നിവര്‍ സംസാരിച്ചു. മുന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. റഊഫ് എ. കെ ചര്‍ച്ചയില്‍ മോഡറേറ്റര്‍ ആയിരുന്നു. ട്രഷറര്‍ ഡോ. ദിലീപ് നന്ദി പറഞ്ഞു.
