റിയാദ്: താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈന്‍ വൃത്തിയാക്കാന്‍ ഉപയോഗിച്ച ആസിഡില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു. വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവന്‍ ഈസ്മാഈല്‍ (51) ആണ് റിയാദിലെ മന്‍ഫുഅ അല്‍ഈമാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. റിയാദിലെ താമസിക്കുന്ന ഫ്‌ലാറ്റിലെ മലിനജല പൈപ്പ് ലൈന്‍ വൃത്തിയാക്കുന്നതിനായി സള്‍ഫ്യൂരിക് ആസിഡ് ഒഴിച്ചിരുന്നു. ഇതില്‍ നിന്നും പുറപ്പെട്ട തീവ്രമായ വിഷവാതകം ശ്വസിച്ചതാണ് മരണത്തിന് കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്റൂമില്‍ പോയ ഈസ്മാഈല്‍ വാതകം ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ അല്‍ഈമാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു.
ആലസ്സന്‍കുട്ടിയാണ് പിതാവ്. ഭാര്യ: നസീറ. മക്കള്‍: ഫാത്തിമ ഹന, ഹനീന്‍ മുഹമ്മദ്, ഹൈസ ഹാസിം, ഹെന്‍സ അസ്രിന്‍. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ നടക്കുന്നു.