റമദാന്‍ പ്രാര്‍ഥനാസമ്മേളനത്തിനൊരുങ്ങി മലപ്പുറം മഅദിന്‍ അക്കാദമി

റമദാന്‍ 27ാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനം ഇത്തവണ മഅദിന്‍ സ്വലാത്ത് നഗറില്‍ അതിവിപുലമായാണ് സംഘടിപ്പിക്കുന്നത്

Update: 2022-03-24 10:09 GMT

തിരുവനന്തപുരം: വ്രതവിശുദ്ധിയുടെ നാളുകള്‍ ധന്യമാക്കാന്‍ വിവിധ പദ്ധതികളുമായി മലപ്പുറം മഅദിന്‍ അക്കാദമി. കൊവിഡ് കാരണം മുടങ്ങിപ്പോയ ആത്മീയ ചൈതന്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ആത്മീയ വേദികള്‍, വൈജ്ഞാനിക സദസ്സുകള്‍, റിലീഫ്, പഠനകാംപുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, ഓണ്‍ലൈന്‍ സെഷനുകള്‍, നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കാനുള്ള ബോധവല്‍ക്കരണം, അനുസ്്മരണ വേദികള്‍, സിയാറത്ത് യാത്രകള്‍ തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സംഗമങ്ങളില്‍ മന്ത്രിമാര്‍, മത സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിക്കുന്ന റമദാന്‍ 27ാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനം ഇത്തവണ മഅദിന്‍ സ്വലാത്ത് നഗറില്‍ അതിവിപുലമായാണ് സംഘടിപ്പിക്കുന്നത്.

ഭീകരതക്കും ലഹരി വിപത്തിനുമെതിരെ ജനലക്ഷങ്ങള്‍ ഒന്നിച്ച് സമ്മേളനത്തില്‍ പ്രതിജ്ഞയെടുക്കും. സമുദായ സൗഹാര്‍ദം ഉറപ്പുവരാത്താനും ദേശീയ മുഖ്യധാരക്കൊപ്പം സമുദായത്തെ ചേര്‍ത്ത് നിര്‍ത്താനും നിരന്തര പരിശ്രമവും ജാഗ്രതയും സയ്യിദ് ബുഖാരിയുടെ നേതൃത്വത്തില്‍ ഇവിടെ നടന്നുവരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിഘടന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ വിപത്തിനെപ്പറ്റിയുള്ള ബോധവത്കരണവും ചടങ്ങില്‍ നടക്കും. മഅദിന്‍ ചെയര്‍മാനും കേരളാ മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

പ്രാര്‍ഥനാ സമ്മേളനത്തിനെത്തുന്നവര്‍ക്ക് സ്വലാത്ത് നഗറില്‍ സമൂഹ ഇഫ്താര്‍ ഒരുക്കും. രാജ്യത്ത് തന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്പു തുറയായിരിക്കുമിത്. ഇസ്‌ലാമിന്റെ സമഭാവനയുടെ സന്ദേശം നല്‍കുന്ന ഇഫ്താര്‍ പൂര്‍ണമായും ഹരിത നിയമാവലി പാലിച്ചാണ് സജ്ജീകരിക്കുന്നത്. റമളാന്‍ 27ാം രാവില്‍ ഇഫ്ത്വാര്‍ സംഗമത്തോടെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. മഅ്ദിന്‍ കാമ്പസില്‍ എല്ലാ മാസവും സംഘടിപ്പിക്കുന്ന സ്വലാത്ത് പ്രാര്‍ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണിത്.

റമദാന്‍ ഒന്ന് മുതല്‍ യാത്രക്കാര്‍, ആശുപത്രികളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങി ആയിരങ്ങള്‍ക്ക് സ്വലാത്ത് നഗറില്‍ വിപുലമായ നോമ്പ്തുറയൊരുക്കും. ഈ മാസം 28ന് റമദാന്‍ കാംപയിന് തുടക്കം കുറിക്കും. 30ന് ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പണ്ഡിത സമ്മേളനവും നടക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി വിഷയാവതരണം നടത്തും. 31ന് വൈകീട്ട് ആറിന് 'മര്‍ഹബന്‍ റമദാന്‍' പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

പ്രാര്‍ഥനാ സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും വിജയത്തിനായി സയ്യിദ് അലി ബാഫഖി തങ്ങള്‍ ചെയര്‍മാനും ചാലിയം എ.പി അബ്ദുല്‍ കരീം ഹാജി ജനറല്‍ കണ്‍വീനറായും ഈത്തപ്പഴം ബാവ ഹാജി ഫിനാന്‍സ് സെക്രട്ടറിയായും 5555 അംഗ സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകരായ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്പാനിഷ്, ജര്‍മന്‍, ഫ്രഞ്ച് അടക്കമുള്ള ഫോറീന്‍ ലാംഗ്വേജ് സെന്റര്‍, സിവില്‍ സര്‍വീസ് അക്കാദമി, പി.എസ്.സി കോച്ചിങ് സെന്റര്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങി 46 വിവിധ സ്ഥാപനങ്ങളിലായി കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ ന്യൂനപക്ഷ പദവിയും ആസ്‌ട്രേലിയ, യു.കെ, മലേഷ്യ, സ്‌പെയിന്‍, യു എസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത യൂനിവേഴ്‌സിറ്റികളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും സഹകരണവുമുണ്ട്. പ്രാര്‍ഥനാ സമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9633158822, 9645338343, www.madin.edu.in.

വാര്‍ത്താ സമ്മേളനത്തില്‍ കേരള മുസ്‌ലിം  ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ധീന്‍ ഹാജി തിരുവനന്തപുരം, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി സുദ്ദീഖ് സഖാഫി നേമം, സ്വാഗത സംഘം കോഓര്‍ഡിനേറ്റര്‍ ഖാലിദ് സഖാഫി, സ്വാഗത സംഘം വര്‍ക്കിങ് കണ്‍വീനര്‍ സൈഫുല്ല നിസാമി ചുങ്കത്തറ എന്നിവര്‍ സംബന്ധിച്ചു. 

Tags: