മലപ്പുറം ജില്ല രൂപീകൃതമായിട്ട് ഇന്നേക്ക് 53 വര്‍ഷം

പഴയ പാലക്കാട്, കോഴിക്കോട് ജില്ലകളുടെ ഒരു ഭാഗം ചേര്‍ന്നതാണ് ഇന്നത്തെ മലപ്പുറം

Update: 2022-06-16 09:28 GMT

1969 ജൂണ്‍ 16 നാണ് മലപ്പുറം ജില്ല രൂപീകൃതമായത്.പഴയ പാലക്കാട്, കോഴിക്കോട് ജില്ലകളുടെ ഒരു ഭാഗം ചേര്‍ന്നതാണ് ഇന്നത്തെ മലപ്പുറം.കേരളത്തിന്റെ തനതായ സാംസ്‌കാരിക പൈതൃകത്തിന് വളരെയേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രദേശമാണ് ഇന്നത്തെ മലപ്പുറം ജില്ല. കോഴിക്കോട് സാമൂതിരിയുടെ യഥാര്‍ഥ തലസ്ഥാനമായിരുന്ന നെടിയിരുപ്പും കൊച്ചി രാജാവിന്റെ യഥാര്‍ഥ തലസ്ഥാനമായിരുന്ന പെരുമ്പടപ്പും പാലക്കാട് രാജാവിന്റെ ആദ്യകാല ആസ്ഥാനവും ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ കേന്ദ്രവുമായിരുന്ന ആതവനാടും വള്ളുവനാട് രാജവംശത്തിന്റെ ആസ്ഥാനമായ അങ്ങാടിപ്പുറവും ഇന്ന് സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയുടെ ഭൂപടത്തിലാണ്.

തിരുവിതാംകൂര്‍ രാജവംശത്തിലേക്ക് അംഗങ്ങളെ ദത്തെടുത്തിരുന്ന പരപ്പനാടു രാജവംശത്തിന്റെ ആസ്ഥാനം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയും കൊച്ചി രാജവംശത്തിലേക്ക് ദത്തെടുത്തിരുന്ന വെട്ടത്തു സ്വരൂപത്തിന്റെ ആസ്ഥാനം ഇതേ ജില്ലയിലെ താനൂര്‍ നഗരവുമായിരുന്നു.കേരള വര്‍മ വലിയ കോയി തമ്പുരാന്‍, രാജരാജ വര്‍മ, രാജാ രവിവര്‍മ മുതലായവര്‍ പരപ്പനാടു രാജവംശത്തിലെ അംഗങ്ങളായിരുന്നു. മലപ്പുറം ജില്ലയുടെ ഭാരതപ്പുഴയോരത്തുള്ള തിരുനാവായ, തൃപ്രങ്ങോട്, പൊന്നാനി മുതലായ പ്രദേശങ്ങള്‍ക്ക് പുരാതന മധ്യകാല കേരള ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണുള്ളത്. തിരുനാവായയിലെ മാമാങ്കം മധ്യ കാല കേരളത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിച്ചിരുന്നു.

ചരിത്ര പ്രാധാന്യമേറിയ ഏറനാട്, വള്ളുവനാട്, വെട്ടത്തുനാട്, എന്നീ പ്രദേശങ്ങളെ സംയോജിപ്പിച്ചു കൊണ്ടാണ് മലപ്പുറം ജില്ല രൂപമെടുക്കുന്നത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനും, അദ്ദേഹത്തിന്റെ സമകാലികരായ പൂന്താനം നമ്പൂതിരി, മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി എന്നിവരും മലപ്പുറത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വളര്‍ന്നവരാണ്. മലയാള സാഹിത്യത്തിന് ശില പാകിയ ഉറൂബ്, ഇടശ്ശേരി, മുതലായ ഒട്ടേറെപ്പേര്‍ മലപ്പുറം ജില്ലയിലാണ് ജനിച്ചു വളര്‍ന്നത്. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനും മലയാളത്തിന്റെ ആധുനിക കവിത്രയത്തില്‍ അംഗവുമായ വള്ളത്തോള്‍ നാരായണ മേനോന്റെ സ്വദേശം ഈ ജില്ലയിലെ തിരൂര്‍പ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന മംഗലം ആയിരുന്നു.

മാപ്പിളപ്പാട്ട് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കു വരുന്ന രണ്ടു കവികള്‍, മോയിന്‍കുട്ടി വൈദ്യരും പുലിക്കോട്ടില്‍ ഹൈദരും, ഏറനാടന്‍ മണ്ണില്‍ ജനിച്ചുവളര്‍ന്നവരാണ്. അറബിമലയാളം എന്ന സങ്കര ഭാഷയുടെ ഉത്ഭവം ഈ ജില്ലയിലെ പൊന്നാനിയിലായിരുന്നു. കഥകളിയെ വീണ്ടെടുത്ത വള്ളത്തോളും മോഹിനിയാട്ടത്തെ വീണ്ടെടുത്ത കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയും മലപ്പുറത്തിന് ചാരുതയേകുന്നു. എം ടി വാസുദേവന്‍ നായര്‍, അക്കിത്തം അച്യുതന്‍ നമ്പൂതിരി, നാലപ്പാട്ട് നാരായണ മേനോന്‍, ബാലാമണിയമ്മ, കമലാ സുരയ്യ എന്നിവര്‍ പഴയ പൊന്നാനി താലൂക്കില്‍ ജനിച്ചവരാണ്.

മധ്യകാലത്ത് കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പഠന കേന്ദ്രമായിരുന്ന പൊന്നാനിയും ഹൈന്ദവ പഠന കേന്ദ്രമായിരുന്ന തിരുനാവായയും മലപ്പുറം ജില്ലയിലെ നിളയോരത്താണുള്ളത്.പറങ്കികള്‍ക്കെതിരേ സാമൂതിരിയോടൊപ്പം ചേര്‍ന്ന് പടപൊരുതിയ കുഞ്ഞാലി മരക്കാര്‍മാരുടെയും കേരള ചരിത്രം എഴുതിയ ആദ്യത്തെ കേരളീയനായി ഗണിക്കപ്പെടുന്ന സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെയും പ്രധാന പ്രവൃത്തി മണ്ഡലം സാമൂതിരിയുടെ നാവിക ആസ്ഥാനം കൂടിയായ പൊന്നാനി ആയിരുന്നു. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടും വിശ്വപ്രസിദ്ധമായ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയുടെ സ്ഥാപകന്‍ വൈദ്യരത്‌നം പി എസ് വാരിയരും മത സൗഹാര്‍ദത്തിന് പേരുകേട്ട ഈ ജില്ലക്കാരാണ്.

കേരളത്തിലെ ഏറ്റവും നീളമേറിയ അഞ്ചു നദികളില്‍ മൂന്നെണ്ണം, നിളയും ചാലിയാറും കടലുണ്ടിപ്പുഴയും, ഈ ജില്ലയിലൂടെ ഒഴുകുന്നു. നിളയോരത്തെ മണല്‍പ്പരപ്പും ചാലിയാറിന്റെ തീരത്തുള്ള നിലമ്പൂരില്‍ സ്ഥിതി ചെയ്യുന്ന സ്വര്‍ണ ഖനികളും കടലുണ്ടിപ്പുഴയോരത്തെ കുന്നുകളും ഭൂമിശാസ്ത്രപരമായ സവിശേഷതയാണ്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ശക്തിയാര്‍ജിക്കുന്നതിന് ഒരു നൂറ്റാണ്ടു മുമ്പേ ബ്രിട്ടീഷുകാരോട് നികുതി നിഷേധ സമരം പ്രഖ്യാപിച്ച വെളിയങ്കോട് ഉമര്‍ ഖാസിയും മലപ്പുറത്തിന് മാറ്റു കൂട്ടുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ മനുഷ്യ നിര്‍മിത തേക്കിന്‍ കൂട്ടം നിലമ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. 1803ല്‍ ഫ്രാന്‍സിസ് ബുക്കാനന്‍ അങ്ങാടിപ്പുറം ചെങ്കല്ലിനെ കുറിച്ച് നടത്തിയ പഠനം പില്‍ക്കാല ലോകചരിത്രത്തെ തന്നെ സ്വാധീനിച്ചു. കേരളത്തിലെ ആദ്യ റെയില്‍പ്പാത 1861ല്‍ തിരൂരില്‍ നിന്ന് താനൂര്‍, പരപ്പനങ്ങാടി, വള്ളിക്കുന്ന്, കടലുണ്ടി വഴി കോഴിക്കോട് ബേപ്പൂരിനു തെക്കുള്ള ചാലിയം വരെ ആയിരുന്നു. അതേ വര്‍ഷം അത് തിരൂരില്‍ നിന്ന് തിരുനാവായ വഴി കുറ്റിപ്പുറത്തേക്കും അടുത്ത വര്‍ഷം പട്ടാമ്പി വഴി ഷൊര്‍ണൂരിലേക്കും നീട്ടി. ഈ പാത നീണ്ടുനീണ്ടാണ് ഇന്നത്തെ മംഗലാപുരം ചെന്നൈ റെയില്‍പ്പാത രൂപം കൊള്ളുന്നത്. നിലമ്പൂര്‍ തേക്കിന്റെ ഗതാഗത സൗകര്യം മുന്‍നിറുത്തി വെള്ളക്കാര്‍ നിര്‍മിച്ച നിലമ്പൂര്‍ഷൊര്‍ണൂര്‍ കാനന റെയില്‍പാത ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ പാതകളിലൊന്നാകുന്നു. തേക്കിന്‍കൂട്ടത്തിനിടയിലൂടെ ഇടയ്ക്ക് ഗുല്‍മോഹര്‍ പൂക്കളുടെ കാഴ്ചയും പ്രസ്തുത പാത യാത്രികന് സമ്മാനിക്കുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ഐതിഹാസികമായ മലബാര്‍ കലാപത്തിനും ഖിലാഫത്ത് മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച നാടാണിത്. കോഴിക്കോട് സാമൂതിരിയുടെ സൈന്യത്തിന്റെ ആസ്ഥാനമായിരുന്ന മലപ്പുറം. പുരാതന കാലം മുതല്‍ക്കുതന്നെ ചരിത്രത്തില്‍ നമുക്ക് ഇടമുണ്ട്. സമ്പന്നമായ ചരിത്രത്തിന്റെ കരുത്ത് ഇന്നും ഇവിടുത്തെ ജനങ്ങള്‍ കാത്തുസൂക്ഷിക്കുന്നു.മതേതരത്വവും പരസ്പര സ്‌നേഹവും ആഥിത്യമര്യാദയുമാണ് മലപ്പുറത്തിന്റെ മുഖമുദ്ര.മലബാര്‍ കലാപവും ഈ നാടിന് ചരിത്ര പ്രാധാന്യം നല്‍കുന്നുണ്ട്.

Tags:    

Similar News