പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍

Update: 2020-08-05 09:49 GMT

മലപ്പുറം: നീലഗിരി, അവലാഞ്ചെ, അപ്പര്‍ ഗൂഡല്ലൂര്‍, ദേവാല, പന്തലൂര്‍ പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാറിന്റെ കൈവഴിയായ കരിമ്പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയരുകയാണ്. കരുളായി, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകളില്‍ കരിമ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ തുടങ്ങിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

ചാലിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കുറമ്പലങ്ങാട്, അകമ്പാടം വില്ലേജുകളില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.

നിലമ്പൂര്‍ മുനിസിപ്പാലിറ്റി, പോത്തുകല്ല്, ചുങ്കത്തറ, ചാലിയാര്‍, മമ്പാട്, എടവണ്ണ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, അരീക്കോട്, ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളില്‍ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു.

കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ആലിപ്പറമ്പ്, പുലാമന്തോള്‍, മൂര്‍ക്കനാട് പഞ്ചായത്തുകളില്‍ തൂതപ്പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.