സാമ്പത്തിക സെന്‍സസ്: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മലപ്പുറം ജില്ലാ കലക്ടര്‍

Update: 2021-01-22 16:58 GMT

മലപ്പുറം: ഏഴാം സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സാമ്പത്തിക സാമൂഹിക സര്‍വേ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സഹായവും സുരക്ഷയും ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാജ പ്രചരണങ്ങള്‍ മൂലം സെന്‍സസ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ഇതുമൂലം സംസ്ഥാനത്തിന്റെ വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച വിവരശേഖരണം തടസ്സപ്പെടുകയാണ്. നിലവില്‍ ദേശീയാടിസ്ഥാനത്തില്‍ മുന്‍നിര റാങ്കില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന്റെ റാങ്കിങ് നിലവാരം കുറയാനും ഇത് കാരണമാകും. സംസ്ഥാനത്തെ ഒരു കോടിയോളം വീടുകളും സാമ്പത്തിക സംരംഭങ്ങളും സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്- കലക്ടര്‍ അറിയിച്ചു.

കേന്ദ്ര സംസ്ഥാനസര്‍ക്കാറുകളുടെ അനുമതിയോടെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയും കൊവിഡ് നിര്‍ദേശങ്ങളും മുന്‍കരുതലുകളും പൂര്‍ണമായി പാലിച്ചാണ് സാമ്പത്തിക സെന്‍സസ് നടത്തുന്നത്. മലപ്പുറം ജില്ലയിലെ വിവര ശേഖരണം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് കോഴിക്കോട് റീജിയനല്‍ ഓഫീസിന്റെ പരിധിയിലാണ്. പൊതുജനങ്ങള്‍ സര്‍വേയുമായി പൂര്‍ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Similar News