മലബാര്‍ സമരാനുസ്മരണ ജാഥ നവംബര്‍ 18, 19 തിയ്യതികളില്‍ ആലപ്പുഴ ജില്ലയില്‍

Update: 2021-11-15 02:27 GMT

ആലപ്പുഴ: മലബാര്‍ സമര അനുസ്മരണ സമിതിയുടെ സംസ്ഥാന ജാഥ നവംബര്‍ 18, 19 തിയ്യതികളില്‍ ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തും. ജാഥയില്‍ നാടകവണ്ടി, പുസ്തകവണ്ടി, പാട്ട്‌വണ്ടി എന്നിവ ഉണ്ടാവും.

18ന് രാവിലെ 9 മണിക്ക് വടുതലയില്‍ നിന്ന് ആരംഭിച്ച് മണ്ണഞ്ചേരി ജംഗ്ഷന്‍, ആലപ്പുഴ മക്കിടുഷാ പള്ളിക്ക് സമീപം, കുറവന്‍തോട് ജംഗ്ഷന്‍, വണ്ടാനം കിണര്‍മുക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം 7 മണിക്ക് വളഞ്ഞവഴി ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് 19 വെള്ളിയാഴ്ച്ച രാവിലെ 9.30ന് തൃക്കുന്നപ്പുഴയില്‍ നിന്ന് ആരംഭിച്ച് 1.30ന് കായംകുളത്ത് പ്രതാങ്ങമൂട് ജംഗ്ഷനില്‍ സമാപിക്കും.

ഒക്ടോബര്‍ 23ന് മലപ്പുറം കൊണ്ടോട്ടിയില്‍ ഉദ്ഘാടനം ചെയ്ത് കാസര്‍കോഡ് ജില്ലയില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന പോരാട്ടമായ മലബാര്‍ സമരത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട് അതിജീവന കലാസംഘം അവതരിപ്പിക്കുന്ന 'ചോര പൂത്ത പടനിലങ്ങള്‍' എന്ന നാടകവും മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പുസ്തകവണ്ടിയും സമര, വിപ്ലവ സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനങ്ങളുമായി പാട്ട്‌വണ്ടിയും ജാഥയിലുണ്ട്. പുതിയ തലമുറയ്ക്ക് മലബാര്‍ ചരിത്രം കൂടുതല്‍ അടുത്തറിയുവാനും ഓര്‍മിപ്പിക്കുവാനും പ്രചോദനമാകുംവിധമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

യാത്രയ്ക്ക് ആലപ്പുഴ ജില്ലയില്‍ സ്വീകരണം നല്‍കുന്നതിനായി ഓരോ പോയിന്റുകളിലും ജനകീയ സമിതി രൂപികരിച്ചിട്ടുണ്ട്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും ജില്ലാ കണ്‍വീനര്‍ പി എ നവാസ് വണ്ടാനം പറഞ്ഞു.

Similar News