വംശനാശ ഭീഷണിയില്‍ നിന്നും പുല്ലന്‍ മീന്‍ തിരിച്ചുവരുന്നു; കൃത്രിമ പ്രജനനം വിജയം

ഈ മീനിന്റെ ബീജ ശീതീകരണ സാങ്കേതിക വിദ്യയും പിഎംഎഫ്ജിആര്‍ സ്വായത്തമാക്കി

Update: 2021-06-24 17:18 GMT

കൊച്ചി: മണ്‍സൂണ്‍ കാലത്തെ ഊത്ത പിടുത്തം കാരണം വംശനാശ ഭീഷണിയിലായ പുല്ലന്‍ എന്ന മലബാര്‍ ലബിയോയുടെ കൃത്രിമ പ്രജനനം വിജയിച്ചു. നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനിറ്റിക് റിസോഴ്‌സസിന്റെ (എന്‍.ബി.എഫ്.ജി.ആര്‍) കൊച്ചിയിലെ പ്രാദേശിക കേന്ദ്രമായ പെനിന്‍സുലര്‍ മറൈന്‍ ഫിഷ് ജനിതക വിഭവ കേന്ദ്രമാണ് (പി.എം.എഫ്.ജി.ആര്‍) വിത്തുല്‍പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന തനത് മത്സ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് വിത്തുല്‍പാദനം നടത്തിയത്.


ഒരു വര്‍ഷത്തിലേറെയായി കുളങ്ങളില്‍ വളര്‍ത്തി വലുതാക്കിയ മത്സ്യങ്ങളില്‍ പ്രജനന കാലയളവില്‍ ഹോര്‍മോണ്‍ കുത്തിവച്ച് കൃത്രിമ പ്രജനനം നടത്തിയാണ് കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ചത്. കേരള ഫിഷറീസ് സര്‍വകലാശാല ക്യാംപസിന് അകത്തുള്ള, പിഎംഎഫ്ജിആര്‍ ഹാച്ചറിയിലാണ് ഈ മത്സ്യത്തിന്റെ പ്രജനനവും വളര്‍ത്തു രീതികളും നടത്തിയത്. ഈ മീനിന്റെ ബീജ ശീതീകരണ സാങ്കേതിക വിദ്യയും പിഎംഎഫ്ജിആര്‍ സ്വായത്തമാക്കി. ഹാച്ചറിയില്‍ ഉല്‍പാദിപ്പിച്ച കുഞ്ഞുങ്ങളെ സംസ്ഥാന ഫിഷറീസ് വകുപ്പിന് നല്‍കി.


പമ്പ, മണിമല അടക്കമുള്ള കേരളത്തിന്റെ തെക്കന്‍ നദികളിലും, വേമ്പനാട്ടു കായലിലും കാണപ്പെടുന്ന മത്സ്യമായ പുല്ലന്‍, മറ്റ് കാര്‍പ് മത്സ്യങ്ങളെ അപേക്ഷിച്ചു വളരെ സ്വാദിഷ്ടമായ മീനാണ്. സാധാരണയായി മഴ ആരംഭിക്കുന്ന കാലങ്ങളിലാണ് ഈ മത്സ്യങ്ങള്‍ ജലാശയങ്ങളില്‍ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. മുട്ട ഇടുന്നതിനായി പുഴകളിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഇവ കയറി വരികയാണ് പതിവ്. ഇക്കാലയളവില്‍, ആളുകള്‍ ഇവയെ കൂട്ടമായി പിടിക്കുന്നത് കാരണം പ്രജനനം നടത്താന്‍ കഴിയാതെ പോകുന്നു. ഇതാണ് വംശനാശ ഭീഷണിക്ക് കാരണമായത്.




Tags:    

Similar News