മാള: അബ്ദുള്ളക്കുട്ടി അഭിനവ സവര്‍ക്കറെന്ന് ഐ എന്‍ എല്‍

Update: 2021-08-23 15:32 GMT

മാള: ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി അഭിനവ സവര്‍ക്കര്‍ ആണെന്ന് ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി സാലി സജീര്‍. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഗോഡ്‌സെമാരെ സൃഷ്ടിക്കുന്ന തിരക്കിലാണ് എ പി അബ്ദുള്ളക്കുട്ടി. സ്വതന്ത്ര്യസമര സേനാനിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആദ്യ താലിബാന്‍ നേതാവ് എന്ന് ആക്ഷേപിച്ച അബ്ദുള്ളക്കുട്ടി ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെയും സ്വാതന്ത്ര്യ സമര സേനാനികളെയും അവഹേളിച്ചിരിക്കുകയാണ്. കേരള ജനതയോട് അദ്ദേഹം മാപ്പു പറയണം. ചരിത്രത്തെ വളച്ചൊടിക്കുന്ന ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ ചരിത്ര സംരക്ഷണ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് സാലി സജീര്‍ പറഞ്ഞു.

ആദര്‍ശത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ ലീഗിന് നേതൃത്വം നല്‍കുന്ന സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബിന് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സാബു സുല്‍ത്താന്‍, ട്രഷറര്‍ മനോജ് ഹുസൈന്‍, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷഫീര്‍ കുന്നത്തേരി, റിയാസ് മാള, അന്‍വര്‍ ചാപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: