ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പ്രശംസനീയമെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്

ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പ്രശംസനീയമെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് കശ്മീര്‍ വേറിട്ടതാണെന്ന ധാരണ വളരെക്കാലമായി ഉണ്ടായിരുന്നു. സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതോടെ ഈ ധാരണ ഒടുവില്‍ അവസാനിച്ചുവെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇന്തോനേഷ്യയില്‍ പ്രതിനിധി സംഘവുമായി സംവദിക്കുന്നതിനിടെയായിരുന്നു പ്രതികരണം.
ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും പ്രാദേശിക സുരക്ഷയെകുറിച്ചും ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിനായി ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ് ഈ സംഘം.
2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അവിടെ നല്ല മാറ്റങ്ങള്‍ക്കും അഭിവൃദ്ധിക്കും കാരണമായതായി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇന്ന് കശ്മീരില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ട്, അതിനാല്‍ സംഭവിച്ചതെല്ലാം ഇല്ലാതാക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ, ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ സര്‍ക്കാര്‍, ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇന്ദിരാഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് തിരിച്ചെത്തിയാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്നായിരുന്നു ബിജെപി വാദം.
ആദ്യം ഈ നീക്കത്തെ എതിര്‍ത്ത കോണ്‍ഗ്രസ് പാര്‍ട്ടി, പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ശരിവച്ച സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നിയമപരമായി പരിഹരിച്ചതായി സമ്മതിച്ചു.