ഗോഡൗണില്‍ ഒളിപ്പിച്ച 120 കോടിയുടെ മയക്കുമരുന്ന് പിടികൂടി; മുന്‍ പൈലറ്റ് ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

Update: 2022-10-07 07:00 GMT

മുംബൈ: നഗരത്തില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ വന്‍ മയക്കുമരുന്ന് വേട്ട. ഗോഡൗണില്‍ ഒളിപ്പിച്ച നിലയില്‍ 120 കോടി വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. 60 കിലോ മെഫഡ്രോണാണ് എന്‍സിബി സംഘം പിടികൂടിയത്. ഗുജറാത്തില്‍ നിന്ന് 10 കിലോ മയക്കുമരുന്നും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ എയര്‍ ഇന്ത്യയുടെ മുന്‍ പൈലറ്റും ഉള്‍പ്പെടുന്നു. അറസ്റ്റിലായ പൈലറ്റ് സൊഹൈല്‍ ഗഫാര്‍ മുമ്പ് എയര്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്നയാളാണ്. യുഎസില്‍ പരിശീലനം നേടിയ സൊഹൈല്‍ ഗഫാര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഏതാനും വര്‍ഷം മുമ്പ് ജോലി ഉപേക്ഷിച്ചു.

തെക്കന്‍ മുംബൈയിലെ എസ്ബി റോഡിലുള്ള ഗോഡൗണിലാണ് എന്‍സിബി സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്നും 50 കിലോ മെഫഡ്രോണ്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടി. ഒക്ടോബര്‍ മൂന്നിന് ഗുജറാത്തിലെ ജംനഗറില്‍ നടത്തിയ പരിശോധനയില്‍ 10 കിലോ മെഫഡ്രോണ്‍ പിടികൂടിയിരുന്നു. സംഭവത്തില്‍ നാല് പേരെയാണ് അറസ്റ്റ് ചെയ്തതത്. അന്വേഷണത്തില്‍ ഈ രണ്ട് മയക്കുമരുന്ന് കേസുകള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിവരം. ഇതേ മയക്കുമരുന്ന് വിപണിയില്‍ 225 കിലോ മെഫെഡ്രോണ്‍ മയക്കുമരുന്ന് വിറ്റഴിച്ചു. അതില്‍ 60 കിലോഗ്രാമാണ് ഇന്നലെ പിടിച്ചെടുത്തതെന്ന് മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജാംനഗറില്‍ നേവല്‍ ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് മുംബൈ മയക്കുമരുന്ന് വേട്ട നടന്നത്. ഈ വര്‍ഷം ആദ്യം ഗുജറാത്തില്‍ വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു. ആഗസ്തില്‍ വഡോദരയില്‍ 200 കിലോ മെഫിഡ്രോണ്‍ മയക്കുമരുന്നും പിടികൂടിയിരുന്നു. ഏപ്രിലില്‍ കണ്ടല്‍ തുറമുഖത്ത് നിന്ന് 260 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. കഴിഞ്ഞ സപ്തംബറില്‍ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപ വിലമതിക്കുന്ന 3,000 കിലോ മയക്കുമരുന്ന് പിടികൂടിയതാണ് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്ന്.

Tags: