മഹ്മൂദുല്‍ ഹസന്‍ മൗലാനയുടെ വിയോഗം നികത്താനാവാത്ത നഷ്ടം: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

പകരമില്ലാത്ത വ്യക്തിത്വത്തിലൂടെ സാമൂഹികസംസ്‌കരണ രംഗത്തും വൈജ്ഞാനിക പ്രചരണ രംഗത്തും വിപ്ലവം രചിച്ച ഗുരുവര്യന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണ്.

Update: 2021-04-26 09:05 GMT

തിരുവനന്തപുരം: ദശാബ്ദങ്ങളോളം ദീനി വിജ്ഞാനത്തിന്റെ പ്രചരണത്തിലും ദഅവത്തിലുമായി ജീവിതം സമര്‍പ്പിച്ച പണ്ഡിതന്‍ മൗലാനാ മഹ്മൂദുല്‍ ഹസന്‍ ഹസ്രത്തിന്റെ (തമിഴ്‌നാട്) വിയോഗത്തില്‍ അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

പകരമില്ലാത്ത വ്യക്തിത്വത്തിലൂടെ സാമൂഹികസംസ്‌കരണ രംഗത്തും വൈജ്ഞാനിക പ്രചരണ രംഗത്തും വിപ്ലവം രചിച്ച ഗുരുവര്യന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണ്. ഹദീസ്, ഫിഖ്ഹ് വിഷയങ്ങളില്‍ അഗ്രഗണ്യനായിരുന്നു. ഇല്‍മിന്റെ എല്ലാ വഴികളിലും പ്രതിഭയുടെ മിന്നലാട്ടം നടത്താന്‍ ഭാഗ്യം ലഭിച്ച മഹാമനീഷി, സരസവും സുഗ്രാഹ്യവുമായ അധ്യാപന ശൈലിയിലൂടെ അനേകം ശിഷ്യഗണങ്ങളുടെ മനസ്സില്‍ സ്ഥിരസാന്നിധ്യം നേടിയ ജ്ഞാനഗുരു, ശിഷ്യരോട് പോലും ബഹുമാനപുരസ്സരം സംവദിക്കുന്ന വിനയത്തിന്റെ മൂര്‍ത്തിമല്‍ഭാവം, അഗാധജ്ഞാനി ഇതെല്ലാമായിരുന്നു ശൈഖവര്‍കളുടെ പ്രാഥമികമായ മേല്‍വിലാസങ്ങള്‍.

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഒരധ്യാപകന്റെ റോള്‍ എത്രമാത്രം ആഴസ്പര്‍ശിയായിരിക്കണം എന്നതിനൊരു മഹനീയ മാതൃക തന്നെയായിരുന്നു മര്‍ഹൂം. അപാരമായ ഓര്‍മ്മ ശക്തിയും രസികത്വവും നിറഞ്ഞ് നിന്ന അധ്യാപനരീതി ഹൃദയത്തിലേക്ക് താലത്തിലെന്ന പോലെ അറിവ് കൈമാറുന്ന നവ്യാനുഭവമായിരുന്നു. ശിഷ്യന്മാരുമായി എന്നും ഊഷ്മള ബന്ധങ്ങളാണ് കാത്തുസൂക്ഷിച്ചത്.

യോഗത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ശരീഫ് കൗസരി തൊടുപുഴ, മുഹമ്മദ് ഹാഷിം കൗസരി എടത്തല, ഹാഫിസ് നൗഫല്‍ കൗസരി, അബ്ദുല്‍ നാസര്‍ കൗസരി, എ.പി ശിഫാര്‍ കൗസരി, റഹ്മത്തുള്ള കൗസരി, ഷമീര്‍ കൗസരി, ഹാഫിസ് അനീബ് കശ്ശാഫി പത്തനംതിട്ട, ഹാഫിസ് അന്‍സാരി കൗസരി പത്തനംതിട്ട, ഹാഫിസ് അ:റഹീം കൗസരി പത്തനാപുരം, ഇസ്സുദ്ദീന്‍ കൗസരി മംഗലാപുരം, മുസ്തഫ കൗസരി പട്ടാമ്പി, ഷംനാസ് കശ്ശാഫി തൊടുപുഴ, ഹാഫിസ് അനസ് കൗസരി വാഴൂര്‍, ഇല്യാസ് കൗസരി വടുതല, ഹാഫിസ് സവാദ് കശ്ശാഫി നിലമ്പൂര്‍ പങ്കെടുത്തു.

Tags:    

Similar News