മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബിജെപിയിലേക്ക്

Update: 2026-02-21 06:47 GMT

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തിയ ശേഷം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ഔദ്യോഗിക പ്രവേശനം പ്രഖ്യാപിക്കുകയും ചെയ്യും.

കൊട്ടാരക്കര മണ്ഡലത്തില്‍ ആയിഷ പോറ്റിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ രശ്മി വിയോജിപ്പ് പ്രകടിപ്പിച്ചതാണ് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുള്ള നേതാവാണ് ആര്‍ രശ്മി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി തീര്‍ക്കണമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ബോര്‍ഡ്‌കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരു പദവി നല്‍കണമെന്നും ഉള്‍പ്പെടെ രണ്ട് ആവശ്യങ്ങള്‍ രശ്മി കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളില്‍ അനുകൂല നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചില്ല. ഇതോടെയാണ് പാര്‍ട്ടി വിടാനുള്ള അന്തിമ തീരുമാനത്തിലേക്ക് രശ്മി എത്തിയത്.

രാജീവ് ചന്ദ്രശേഖര്‍ ഇന്ന ഉച്ചയ്ക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അവിടെ വച്ചായിരിക്കാം രശ്മിയുടെ ബിജെപി പ്രവേശനവും ഔദ്യോഗികമാവുക.

Tags: