ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എം എം മണിയുടെ ഫോട്ടോ; ഖേദം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്

Update: 2022-07-18 11:42 GMT

തിരുവനന്തപുരം: എം എം മണി എംഎല്‍എയ്‌ക്കെതിരായ വ്യക്തി അധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ നേതൃത്വം. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ലക്ഷ്മിയുടെ പേരില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നില്ല ബോര്‍ഡ് വച്ചതെന്നും സംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ രീതിയല്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നില്ല ബോര്‍ഡ് എന്നും നിയമസഭാ മര്‍ച്ചിനെത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ഈ ബോര്‍ഡ് കൊണ്ടുവന്നതെന്നുമാണ് വിശദീകരണം. ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടയുടനെ അത് മാറ്റാന്‍ നിര്‍ദേശിച്ചു. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോര്‍ഡ് എം എം മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ വിവാദപരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം നടന്നത്.

ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എം എം മണിയുടെ ഫോട്ടോ പതിപ്പിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എം എം മണിയും മുഖ്യമന്ത്രി പിണറായി വിജയനും മാപ്പ് പറയണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ബോര്‍ഡിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ന്യായീകരിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇത് വേറിട്ട സമരമെന്നായിരുന്നു വിശദീകരണം. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഖേദപ്രകടനം നടത്തിയത്. വിവാദ ഫഌക്‌സ് പ്രവര്‍ത്തകര്‍ ഒളിപ്പിച്ചിരിക്കുകയാണ്.

Tags: