കൊവിഡ്: മഹാരാഷ്ട്രയില്‍ 22,084 പുതിയ കേസുകള്‍; മുംബൈയില്‍ 2,321

Update: 2020-09-13 04:23 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,084 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 10,37,765 ആയി.

പുതുതായി 391 മരണം റിപോര്‍ട്ട് ചെയ്തതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29,115 ആയി ഉയര്‍ന്നു. 2,79,768 രോഗികള്‍ നിലവില്‍ സംസ്ഥാനത്തുടനീളം ചികിത്സയില്‍ തുടരുകയാണ്. 7,28,512 പേര്‍ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 13,489 പേര്‍ രോഗമുക്തി നേടി. 70.2 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മുംബൈയില്‍ 2,321 പുതിയ കൊവിഡ് കേസുകളും 42 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. നഗരത്തില്‍ രോഗബാധിതരുടെ എണ്ണം 1,67,608 ആയി ഉയര്‍ന്നു, നിലവില്‍ 29,131 പേരാണ് ചികിത്സയില്‍. 1,30,016 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 8,106. കല്യാണ്‍ ഡോംബിവ്ലി മേഖലയില്‍ പുതിയ 578 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. പന്‍വേലില്‍ 291 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്.