ഭൂരിപക്ഷ തെളിയിക്കാനുള്ള വോട്ടെടുപ്പ് മഹാരാഷ്ട്രനിയമസഭയില്‍ നാളെ നടക്കും. അതിന്റെ മുന്നോടിയായി നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കൊളാബയിലെ പ്രതിനിധി രാഹുല്‍ നര്‍വേകര്‍ക്കായിരുന്നു വിജയം. നാളെ നടക്കുന്ന സഭാ തിരഞ്ഞെടുപ്പിന്റെ സൂചന ഇത് നല്‍കുന്നു.
ബിജെപിയുടെ രാഹുല്‍ നര്‍വേകര്‍ 164 വോട്ടിനാണ് വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി രാജന്‍ സാല്‍വിക്ക് 107 വോട്ട് കിട്ടി.
വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ ക്യാമ്പിലുള്ള 16 എംഎല്‍എമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശിവസേന സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇവരുടെ നിയമസഭാ അംഗത്വം നഷ്ടപ്പെട്ടാല്‍ ഭൂരിപക്ഷത്തിനുവേണ്ട വോട്ടുകളുടെ എണ്ണം 137ആവും. നര്‍വേകര്‍ക്ക് 164 വോട്ട് കിട്ടി. അതായത് 16 എംഎല്‍എമാര്‍ പുറത്തു പോകേണ്ടിവന്നാലും ശിവസേനവിമതരും ബിജെപിയും അധികാരം നിലനിര്‍ത്തും. കാരണം 137നു പകരം അവരുടെ കയ്യില്‍ 164ആണ് ഉള്ളത്.
അതായത് ഉദ്ദവ് പക്ഷത്തിന് സഭയിലെ തിരഞ്ഞെടുപ്പില്‍ വിമതരെയും ബിജെപിയെയും തോല്‍പ്പിക്കാനാവില്ല.
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എസ്പിയുടെയും എഐഎംഐഎംന്റെയും അംഗങ്ങള്‍ വോട്ട് ചെയ്തിരുന്നില്ല. അവര്‍ ഉദ്ദവിന്റെ പക്ഷത്ത് വോട്ട് ചെയ്താലും ഉദ്ദവിന് വിജയിക്കാനാവില്ല.
288 അംഗങ്ങളുളള സഭയില്‍ ചെറുപാര്‍ട്ടികളും സ്വതന്ത്രരുമായ പത്ത് പേരും 106 ബിജെപി എംഎല്‍എമാരും ശിവസേനവിമതരുമാണ് ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണയ്ക്കുന്നത്.
ശിവസേനക്ക് 55 സീറ്റുണ്ട്. എന്‍സിപി 53, കോണ്‍ഗ്രസ് 44, ബിജെപി 106, ബഹുജന്‍ വികാസ് അഘാഡിക്ക് 3, സമാജ് വാദി പാര്‍ട്ടി 2, എഐഎംഐഎം 2, പ്രഹാര്‍ ജനശക്തി 1, സിപിഎം 1, പിഡബ്ല്യുപി 1, സ്വാഭിമാനി പക്ഷ 1, രാഷ്ട്രീയ സമാജ് പക്ഷ 1, ജനസുരാജ്യ ശക്തി പാര്‍ട്ടി 1, ക്രാന്തിരാരി ഷെത്കാരി പാര്‍ട്ടി 1.
ശിവസേന എംഎല്‍എയുടെ മരണത്തോടെ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 2 എന്‍സിപി എംഎല്‍എമാര്‍ക്ക് കൊവിഡാണ്. രണ്ട് പേര്‍ ജയിലിലാണ്.

