മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെ ഓഫിസിലെത്തി ചാര്‍ജ് ഏറ്റെടുത്തു; ഓഫിസില്‍ ബാല്‍ താക്കറെയുടെയും ആനന്ദ് ദിഗെയുടെയും ചിത്രങ്ങള്‍
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ തന്റെ ഓഫിസിലെത്തി ചാര്‍ജ് ഏറ്റെടുത്തു. നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ഓഫിസില്‍ ഹാജരായിത്തുടങ്ങിയിരുന്നില്ല.
വിഗ്നേശ്വര പൂജയോടെയാണ് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് ആര്‍ഭാഢപൂര്‍വം അലങ്കരിച്ചിരുന്നു. അദ്ദേഹത്തിന്റെ ചേംബറില്‍ ബാല്‍താക്കറെയുടെയും ഷിന്‍ഡെ ഗുരുതുല്യനായി കണക്കാക്കുന്ന ആനന്ദ് ദിഗെയുടെയും ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഓഫിസിനുള്ളിലേക്ക് പ്രവേശിക്കും മുമ്പ് ശിവജിയുടെയും അംബേദ്കറുടെയും പ്രതിമകള്‍ക്കുമുന്നില്‍ മുഖ്യമന്ത്രി പുഷ്പാര്‍ച്ചന നടത്തി.
ബാല്‍താക്കറെ ആരുടെയും സ്വകാര്യസ്വത്തല്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ബാലസാഹബ് മുഴുവന്‍ സംസ്ഥാനത്തിന്റേതുമാണ്. ആര്‍ക്കും അത് മാറ്റാനാവില്ല- ഷിന്‍ഡെ പറഞ്ഞു. ശിവസേന ഔദ്യോഗികപക്ഷം താക്കറെയുടെ പേര് ഉപയോഗിക്കുന്നതിനെതിരേ രംഗത്തുവന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശിവസേന വിമതപക്ഷം ആരംഭിച്ച ഉള്‍പ്പാര്‍ട്ടി സമരമാണ് ഉദ്ദവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത്.