പോലിസിനെതിരേ ലഹരി മാഫിയയുടെ ആക്രമണം: അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു

Update: 2020-12-26 05:30 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ പൊലിസിനെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. മോഷണം നടത്തുകയും പൊലിസിനെ ആക്രമിക്കുകയും ചെയ്ത ലഹരി മാഫിയ സംഘത്തിലെ എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലിസ് സംശയിക്കുന്നു. പ്രതികള്‍ക്ക് ലഹരിമരുന്നെത്തുന്ന ബാംഗ്ലൂരിലേക്ക് കടന്നതായാണ് നിഗമനം.

അവധി ദിവസമായതിനാല്‍ ഇന്നലെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനായില്ല. പ്രതികള്‍ തിരുവല്ലം എസ്‌ഐ യുടെ വയര്‍ലെസ് തട്ടിയെടുത്തു നശിപ്പിക്കുകയും ചെയ്തിരുന്നു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്നും പൊലിസ് പരിശോധിച്ചു വരികയാണ്.

പ്രതികള്‍ താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ രണ്ടര കിലോ കഞ്ചാവും പിടികൂടിയ സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലേക്ക് കൂടി പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. മുട്ടയ്ക്കാട് സ്ത്രീയുടെ മാല പിടിച്ചു പറിച്ച സംഭവത്തിലും ഇതേ സംഘം തന്നെയെന്നാണ് പൊലിസ് കണ്ടെത്തല്‍.

തിരുവനന്തപുരം മണക്കാട്, കമലേശ്വം മേഖലകളില്‍ കടകള്‍ അടിച്ച് തകര്‍ക്കുകയും മോഷണം നടത്തുകയും ചെയ്ത ലഹരി മാഫിയ സംഘത്തിലെ അംഗങ്ങളെ പിടികൂടാനെത്തിയ തിരുവല്ലം പൊലിസിന് നേരെയായിരുന്നു ശാന്തിപുരത്തിനടുത്ത് വച്ച് ആക്രമണമുണ്ടായത്. പൊലിസിന് നേരെ പെട്രോള്‍ ബോംബ് എറിയുകയും ജീപ്പ് പൂര്‍ണമായും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

Similar News