വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിഷേധിച്ച് മധുര കലക്ടര്‍

Update: 2021-12-11 18:04 GMT

മധുര: വാക്‌സിന്‍ എടുക്കാത്ത പൗരന്മാര്‍ക്ക് തിങ്കളാഴ്ച മുതല്‍ മധുരയിലെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാനാവില്ല. വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം നിയന്ത്രണം ബാധകമായിരിക്കും. ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 

''മധുരയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ന്യായവില കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, തിയേറ്ററുകള്‍, കല്യാണമണ്ഡപങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, വസ്ത്രശാലകള്‍, ബാങ്കുകള്‍, മദ്യശാലകള്‍ എന്നിവയുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ തിങ്കളാഴ്ച മുതല്‍ പ്രവേശനം ഉണ്ടായിരിക്കുകയില്ല''- മധുര കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

ഇതുവരെ കൊവിഡ്19 പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം നിരോഗിക്കുമെന്ന് നേരത്തെ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ എടുക്കാന്‍ ഒരാഴ്ച സമയം നല്‍കിയിരുന്നെന്ന് ജില്ലാ കലക്ടര്‍ അനീഷ് ശേഖര്‍ ഡിസംബര്‍ നാലിന് പറഞ്ഞിരുന്നു.

വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കുമാത്രമേ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനാനുമതി ഉണ്ടാവൂ. മധുരയില്‍ ഒരു ഡോസ് പോലും സ്വീകരിക്കാത്ത 3,00,000 പേരുണ്ട്.

ഇതുവരെ തമിഴ്‌നാട്ടില്‍ 75 ദശലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുകഴിഞ്ഞു. 

Tags:    

Similar News