വിവാഹത്തിനുവേണ്ടി മാത്രമുളള മതംമാറ്റത്തെ നിയന്ത്രിക്കാന്‍ മധ്യപ്രദേശില്‍ നിയമം

Update: 2020-11-17 17:47 GMT

ഭോപ്പാല്‍: വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രം മതംമാറുന്ന പ്രവണത നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഡോ. നരോത്തം മിശ്ര. മധ്യപ്രദേശ് മതസ്വാതന്ത്ര ബില്ല് 2020 എന്ന് പേരിട്ടിട്ടുള്ള ബില്ല് നിര്‍ബന്ധമായി മതംമാറ്റി വിവാഹം കഴിക്കുന്ന പ്രവണതയെ മുന്നില്‍കണ്ടുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. അത്തരം വിവാഹങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും അഞ്ച് വര്‍ഷം വരെ കഠിന തടവ് നല്‍കാവുന്ന തലത്തിലാണ് നിയമം രൂപപ്പെടുത്തിയിരിക്കുന്നത്.

ആഴ്ചകള്‍ക്കു മുമ്പ് ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹന്‍ പറഞ്ഞിരുന്നു. നിയമം ലൗജിഹാദിനും അറുതിവരുത്തുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

വിവാഹം കഴിക്കാന്‍ വേണ്ടി മതം മാറുന്ന പ്രവണത അതീവഗുരുതരമായ ഒന്നാണെന്നും അത് നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.

മുസ്ലിംകളും മുസ്ലിമിതര വിഭാഗങ്ങളും തമ്മിലുള്ള വിവാഹത്തെ വലതു പക്ഷ വിഭാഗങ്ങളാണ് ലൗജിഹാദെന്ന് വിശേഷിപ്പിച്ചുപോന്നത്. ലൗജിഹാദിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് തെളിവില്ലെന്ന് പല കോടതികളും വ്യക്തമാക്കിയിട്ടുണ്ട്.

Similar News