മാനന്തവാടി: സ്‌കൂളുകളില്‍ നടപ്പാക്കുന്ന മാ കെയര്‍ സെന്റര്‍ പദ്ധതി സാധാരണ കുടുംബങ്ങള്‍ക്ക് അനാവശ്യമായ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നും, അതിനാല്‍ സര്‍ക്കാര്‍ ഈ പദ്ധതി പുനഃപരിശോധിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പദ്ധതി കുട്ടികളില്‍ അനാവശ്യമായ ആഡംബര ചിന്തകള്‍ വളര്‍ത്താന്‍ കാരണമാവുകയാണ്. ഇതിന്റെ ഫലമായി സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് കനത്ത സാമ്പത്തിക സമ്മര്‍ദ്ദം താങ്ങേണ്ടിവരുന്നു. മാ കെയര്‍ സെന്ററുകളില്‍നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കായി കുട്ടികള്‍ പണത്തിന് വാശി പിടിക്കുന്ന അവസ്ഥയാണ് പലയിടത്തും. വിദ്യാഭ്യാസം നല്‍കേണ്ട സ്ഥാപനങ്ങളില്‍ വ്യാപാര താല്‍പര്യങ്ങള്‍ വളര്‍ത്തുന്നത് ആശങ്കാജനകമാണ്. പണം നല്‍കാത്തതിനെത്തുടര്‍ന്ന് കുട്ടികള്‍ പൈസ മോഷ്ടിക്കുന്ന സാഹചര്യംവരെ ഈ പ്രവണത സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
സാധാരണ ജനങ്ങളുടെ ജീവിത സാഹചര്യം പരിഗണിക്കാതെ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത് ന്യായീകരിക്കാനാവില്ല. അതിനാല്‍, മാ കെയര്‍ സെന്റര്‍ പദ്ധതി അടിയന്തരമായി പിന്‍വലിക്കണം എന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍ ഹംസ, സെക്രട്ടറി എസ് മുനീര്‍, മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീര്‍ എം ടി, കമ്മിറ്റിയംഗം ആലി പി, പഞ്ചായത്ത് ഭാരവാഹികളായ വി കെ മുഹമ്മദലി, സുബൈര്‍ കെ, ശംസുദ്ധീന്‍ സി എച്ച്, അബ്ദുല്‍ കരീം കെ, അബു സി കെ, അസൈനാര്‍ കെ, അബ്ദുല്‍ ഷുക്കൂര്‍ ടി എന്നിവര്‍ സംബന്ധിച്ചു.
