മാധ്യമപ്രവര്‍ത്തകനെ വംശീയമായി അധിക്ഷേപിച്ചിട്ടില്ല; ബിന്‍ ലാദന്‍ വിളിയില്‍ എം വി ജയരാജനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍

Update: 2023-03-08 05:45 GMT

കൊച്ചി: മാധ്യമപ്രവര്‍ത്തകനെ ബിന്‍ ലാദനുമായി ചേര്‍ത്ത് നടത്തിയ പരാമര്‍ശത്തില്‍ എം വി ജയരാജനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. വംശീയ അധിക്ഷേപം സംബന്ധിച്ച് എം വി ജയരാജനോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ അധിക്ഷേപമല്ലെന്ന് പറഞ്ഞുവെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ബിന്‍ ലാദന്റെ പേര് പറഞ്ഞത് വംശീയമല്ല. ലാദന്‍ തീവ്രവാദിയാണ്. സംഭവത്തില്‍ ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്നും പേരിന്റകത്തുള്ള 'ബിന്‍' വച്ച് പറഞ്ഞുപോയതാണെന്നും അദ്ദേഹം വിശദീകരിച്ചു. വംശീയതയും വര്‍ഗീയതയും രണ്ടായി കാണണം. പ്രത്യേക മതത്തെ കണ്ടല്ല വിമര്‍ശനം. ഒരാളെ പേര് കൊണ്ടോ നിറം കൊണ്ടോ വേര്‍തിരിച്ചുകാണിക്കുന്നത് പാര്‍ട്ടിയുടെ നയമല്ല. വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണമത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ലാദന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചത് പാര്‍ട്ടി പരിശോധിക്കുമെന്നായിരുന്നു നേരത്തെ എം വി ഗോവിന്ദന്റെ നിലപാട്. ഏഷ്യാനെറ്റ് ന്യൂസ് ലേഖകനെയായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി അധിക്ഷേപിച്ചത്. ഏഷ്യാനെറ്റ് റിപോര്‍ട്ടറെ നൗഫല്‍ ബിന്‍ ലാദന്‍ എന്നുവിളിക്കട്ടെ എന്നാണ് ജയരാജന്‍ ചോദിച്ചത്. വ്യാജ വാര്‍ത്താ വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എം വി ജയരാജന്റെ വിവാദപരാമര്‍ശം.

Tags: