കോഴിക്കോട്: മികച്ച ആത്മകഥയ്ക്കുള്ള 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എം കുഞ്ഞാമന്‍ നിരസിച്ചു. ട്രൂകോപ്പി തിങ്ക് എന്ന ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം പുരസ്‌കാരം നിരസിച്ച കാര്യം വ്യക്തമാക്കിയത്.
''എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാന്‍ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. അത്‌കൊണ്ട് ഈ അവാര്‍ഡ് നന്ദിപൂര്‍വം ഞാന്‍ നിരസിക്കുകയാണ്'' - അദ്ദേഹം പറഞ്ഞു.
കുഞ്ഞാമന്റെ എതിര് എന്ന കൃതിയും പ്രഫ. ടി ജെ ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മകളുമാണ് ആത്മകഥയ്ക്കുള്ള പുരസ്‌കാരം പങ്കുവച്ചത്.
ആര്‍ രാജശ്രീയും വിനോയ് തോമസും നോവലിനുളള പുരസ്‌കാരം പങ്കുവച്ചു. അന്‍വര്‍ അലിക്കാണ് കവിതാ പുരസ്‌കാരം. ചെറുകഥയ്ക്കുള്ള പുരസ്‌കാരം ദേവദാസ് വിഎം നേടി.
തിരുവനന്തപുരം സിഡിഎസില്‍ നിന്ന് എം.ഫിലും കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്ഡിയും നേടിയ എം കുഞ്ഞാമന്‍ കേരള സര്‍വകലാശായുടെ കാര്യവട്ടം കാമ്പസില്‍ സാമ്പത്തിക ശാസ്ത്ര വകുപ്പില്‍ അദ്ധ്യാപകനായി 27 വര്‍ഷം ജോലി ചെയ്തു. തുടര്‍ന്ന് ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ തുല്‍ജാപൂര്‍ ക്യാമ്പസില്‍ 9 വര്‍ഷം അദ്ധ്യാപകനായിരുന്നു.
