മഹാരാഷ്ട്രയില്‍ ലംപി ത്വക്ക് രോഗം പടരുന്നു; രോഗബാധ കണ്ടെത്തിയത് 25 ജില്ലകളില്‍

Update: 2022-09-18 02:21 GMT

മുംബൈ: കന്നുകാലികളെ ബാധിക്കുന്ന മാരകമായ വൈറസ് ബാധയായ ലംപി ത്വക്ക് രോഗം മഹാരാഷ്ട്രയിലേക്കും പടരുന്നു. ഈ രോഗം ബാധിച്ച 126 കന്നുകാലികള്‍ സംസ്ഥാനത്ത് ഇതുവരെ ചത്തുപോയിട്ടുണ്ട്.

ജല്‍ഗാവ് ജില്ലയില്‍ 47, അഹമ്മദ്‌നഗര്‍ ജില്ലയില്‍ 21, ധൂലെയില്‍ 2, അകോളയില്‍ 14, പൂനെയില്‍ 14, ലാത്തൂരില്‍ 2, സത്താറയില്‍ 6, ബുല്‍ധാനയില്‍ അഞ്ച്, അമരാവതിയില്‍ ഏഴ്, വാഷിം, ജല്‍ന, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഒന്നുവീതവും അടക്കം രോഗബാധിതരായ 126 കന്നുകാലികള്‍ ചത്തുപോയിട്ടുണ്ട്. ഇന്ത്യയില്‍ മൊത്തത്തില്‍ 57,000 കന്നുകാലികള്‍ ഈ രോഗംബാധിച്ച് ചത്തിട്ടുണ്ട്.

ചര്‍മ്മത്തില്‍ കുരുക്കളുണ്ടായി പഴുക്കുന്ന ഈ രോഗത്തിന് ചര്‍മമുഴ എന്നും പ്രാദേശികമായി വിളിക്കാറുണ്ട്.

ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, യുപി തുടങ്ങിയ സംസ്ഥാനങ്ങളെയാണ് രോഗം ബാധിച്ചിരുന്നത്. ഇതാദ്യമാണ് മാഹാരാഷ്ട്രയിലേക്ക് രോഗം പടരുന്നത്.

അതേസമയം ഈ രോഗബാധ വളരെ വേഗം പടരുമെങ്കിലും മനുഷ്യര്‍ക്ക് പകരില്ലെന്നുമാത്രമല്ല, പാലിലൂടെയും പകരുകയില്ല.

ഈ രോഗം ബാധിച്ച കന്നുകാലികളില്‍ 10 ശതമാനത്തിനും ജീവന്‍ നഷ്ടപ്പെടുമെന്നാണ് കണക്ക്. കാലിസമ്പത്തിന് വലിയ നാശനഷ്ടം സംഭവിക്കും.

കാപ്രിപോക്‌സ് വൈറസ് മൂലമുണ്ടാകുന്ന രോഗബാധയാണ് ലംപി ത്വക്ക് രോഗം. ഈ രോഗം ആടുകളിലേക്കും പകരും.

Tags: