കന്നുകാലികളില്‍ ലംപി ത്വക്ക് രോഗം പടരുന്നു; ജയ്പൂരില്‍ പ്രതിഷേധവുമായി ബിജെപി
ജയ്പൂര്‍: 57,000 കന്നുകാലികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 11 ലക്ഷം കര്‍ഷകരെ പ്രത്യക്ഷത്തില്‍ ബാധിക്കുകയുംചെയ്ത ലംപി ത്വക് രോഗം നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജയ്പൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം. നിയമസഭയിലേക്ക് നടന്ന മാര്‍ച്ചില്‍ പോലിസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചതിനുപുറമെ ബാരിക്കേഡുകള്‍ തകര്‍ക്കുകയുംചെയ്തു.
സംസ്ഥാന നിയമസഭയിലും ബിജെപി വിഷയം ഉന്നയിച്ചിരുന്നു. തിങ്കളാഴ്ച ഒരു ബി.ജെ.പി എംഎല്‍എ സംസ്ഥാന നിയമസഭാ വളപ്പിന് പുറത്ത് പശുവിനെ കൊണ്ടുവന്ന് ത്വക്ക് രോഗത്തിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമിച്ചെങ്കിലും പശു നിയന്ത്രണം വിട്ട് ഓടിയതോടെ ആ ശ്രമം പാളി.
ഇതിനിടയില്‍ ലംപി ത്വക്ക് രോഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
''ത്വക്ക് രോഗത്തില്‍ നിന്ന് പശുക്കളുടെ ജീവന്‍ എങ്ങനെ രക്ഷിക്കാം എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. പ്രതിരോധ കുത്തിവയ്പ്പും മരുന്നുകളും കേന്ദ്രം നല്‍കണം. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നു'- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജയ്പൂരിലെ പാല്‍ ശേഖരണത്തെയും രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ പാല്‍ സഹകരണ സംഘമായ ജയ്പൂര്‍ ഡയറി ഫെഡറേഷന്റെ കണക്കനുസരിച്ച്, വിതരണത്തില്‍ ഇതുവരെ തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും പാല്‍ ശേഖരം 15-18 ശതമാനം കുറഞ്ഞു.
രാജസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് മൃഗസംരക്ഷണമാണ്. കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗമാണ് പാല്‍. പ്രതിദിന പാല്‍ ശേഖരണം 14 ലക്ഷം ലിറ്ററില്‍ നിന്ന് 12 ലക്ഷം ലിറ്ററായി കുറഞ്ഞതായി ജയ്പൂര്‍ ഡയറി ഫെഡറേഷന്‍ ചെയര്‍മാന്‍ ഓം പൂനിയ പറഞ്ഞു.
ചര്‍മ്മത്തില്‍ കുരുക്കളുണ്ടായി പഴുക്കുന്ന ഈ രോഗത്തിന് ചര്‍മമുഴ എന്നും പ്രാദേശികമായി വിളിക്കാറുണ്ട്. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, യുപി തുടങ്ങിയ സംസ്ഥാനങ്ങളെയാണ് രോഗം ബാധിച്ചിരുന്നത്.
അതേസമയം ഈ രോഗബാധ വളരെ വേഗം പടരുമെങ്കിലും മനുഷ്യര്‍ക്ക് പകരില്ലെന്നുമാത്രമല്ല, പാലിലൂടെയും പകരുകയില്ല. ഈ രോഗം ബാധിച്ച കന്നുകാലികളില്‍ 10 ശതമാനത്തിനും ജീവന്‍ നഷ്ടപ്പെടുമെന്നാണ് കണക്ക്. കാലിസമ്പത്തിന് വലിയ നാശനഷ്ടം സംഭവിക്കും. കാപ്രിപോക്‌സ് വൈറസ് മൂലമുണ്ടാകുന്ന രോഗബാധയാണ് ലംപി ത്വക്ക് രോഗം. ഈ രോഗം ആടുകളിലേക്കും പകരും.

