തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ എല്‍ടിടിഇ നേതാവ് പ്രഭാകരന്‍ തന്നെ ഇപ്പോഴും ഹീറോ
ചെന്നൈ: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇപ്പോഴും താരം എല്‍ടിടിഇ നേതാവ് വേലുപ്പിള്ളൈ പ്രഭാകരന്‍. കൊലചെയ്യപ്പെട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തമിഴ്‌നാട്ടിലെ പൊതുജന വികാരമാണ് പ്രഭാകരന്‍. ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് വാഹനങ്ങളില്‍ പ്രഭാകരന്റെ ചിത്രങ്ങള്‍ വരച്ചുചേര്‍ത്തിട്ടുണ്ട്.
സെന്തമിഴ് സീമാന്‍ നേതൃത്വം നല്‍കുന്ന നാം തമിളര്‍ കച്ചിയുടെ പുതുക്കോട്ട ജില്ലയിലെ തിരുമായം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ശിവ് രാമന്റെ പ്രചാരണവാഹനത്തില്‍ പ്രഭാകരന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
വൈക്കോയുടെ മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാനാര്‍ത്ഥികളും പ്രഭാകരന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് വൈക്കോ.
തോല്‍ തിരുമാവലവന്‍ നേതൃത്വം നല്‍കുന്ന വിടുതലൈ ചിരുത്തൈകള്‍ കച്ചിയാണ് ഇതുപയോഗിക്കുന്ന മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടി.
2009 മെയ് 19നാണ് പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം വെടിവച്ചുകൊന്നത്.
തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കും. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.