വയോധികര്‍ക്കും സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് മുന്‍ഗണന; പരിഷ്‌ക്കാരങ്ങളുമായി റെയില്‍വേ

Update: 2025-12-07 04:43 GMT

ന്യൂഡല്‍ഹി: 45 വയസ്സിനുമുകളിലുള്ള സ്ത്രീകള്‍ക്കും വയോധികര്‍ക്കും ട്രെയിന്‍ യാത്രയില്‍ ലോവര്‍ ബര്‍ത്ത് മുന്‍ഗണന നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചു. ടിക്കറ്റ് ബുക്കിങ്ങിനിടെ പ്രത്യേക ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും, ഇവര്‍ക്ക് ലോവര്‍ ബര്‍ത്ത് അനുവദിക്കുന്നതിനാണ് പുതിയ നയം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

സ്ലീപ്പര്‍ ക്ലാസിലെ ഓരോ കോച്ചിലും ഏഴു ലോവര്‍ ബര്‍ത്തുകളും, തേഡ് എസി കോച്ചുകളില്‍ അഞ്ചും, സെക്കന്‍ഡ് എസി കോച്ചുകളില്‍ നാലും മുന്‍ഗണനാക്രമത്തില്‍ അനുവദിക്കും. ഗര്‍ഭിണികള്‍ക്കും സമാനമായി ലോവര്‍ ബര്‍ത്ത് ആനുകൂല്യം ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസില്‍ നാലു ബെര്‍ത്തുകള്‍ (രണ്ടു ലോവര്‍, രണ്ടു മിഡില്‍), തേഡ് എസിയില്‍ നാലു ബെര്‍ത്തുകള്‍, സെക്കന്‍ഡ് സിറ്റിങ്ങില്‍ നാലു സീറ്റുകള്‍ എന്നിവ സംവരണം ചെയ്യുമെന്ന് റെയില്‍വേ വ്യക്തമാക്കി. വന്ദേഭാരത് ട്രെയിനുകളില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ചെയര്‍ സൗകര്യവും ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങളും സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags: