ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം;മാര്‍ച്ച് 2,3 തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത

Update: 2022-02-26 07:11 GMT

തിരുവനന്തപുരം:ബംഗാള്‍ ഉള്‍കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി ന്യൂനമര്‍ദം രൂപം കൊള്ളാന്‍ സാധ്യത. നാളെയോടെ ചക്രവാതചുഴി രൂപപ്പെടാനും തുടര്‍ന്ന് ശക്തി പ്രാപിച്ചു തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 2,3 തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച മുതല്‍ ആന്‍ഡമാന്‍ തീരത്തും തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിന് സാധ്യതയെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഫെബ്രുവരി 27നും,28നും ആന്‍ഡമാന്‍ തീരത്തും തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40-50 കിലോ മീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോ മീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മാര്‍ച്ച് 3നു തെക്ക് പടിഞ്ഞാറന്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടയില്‍ മണിക്കൂറില്‍ 40-50 കിലോ മീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോ മീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ മേല്‍പ്പറഞ്ഞ തിയതികളിലും പ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് മത്സ്യത്തൊഴിലാളികള്‍ മുന്നറിപ്പ് നല്‍കുന്നു.അതേസമയം, കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News