'ലൗ ജിഹാദ്': എല്‍ഡിഎഫ് നേതാവിനെ യുപിയിലെ ആദിത്യനാഥിനോട് താരതമ്യപ്പെടുത്തി പ്രിയങ്ക ഗാന്ധി

Update: 2021-03-30 10:10 GMT

കായംകുളം: 'ലൗ ജിഹാദ് വിഷയത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിനെപ്പോലെയാണ് എല്‍ഡിഎഫ് നേതാവ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി. ലൗ ജിഹാദ് വിഷയത്തില്‍ ജോസ് കെ മാണിയെടുത്ത നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് പ്രിയങ്ക പിണറായി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.

'ലൗ ജിഹാദ്' ആരോപണത്തെക്കുറിച്ച് സമൂഹത്തില്‍ ആശങ്കയുണ്ടെന്നും അതെക്കുറിച്ച് അന്വേഷണം നടത്തണമെന്നും എല്‍ഡിഎഫ് ഘടകക്ഷിയായ കേരളകോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ 'ലൗ ജിഹാദ്' ഇല്ലെന്ന് കോടതികളും പോലിസും സര്‍ക്കാരും വ്യക്തമാക്കിയത് ചൂണ്ടിക്കാണിച്ചിട്ടും ജോസ് കെ മാണി ആരോപണത്തില്‍ ഉറച്ചുനിന്നു.

ഇതിനുപുറമെ യുപിയിലെ കുപ്രസിദ്ധമായ ഹാഥ്രറസ് ബലാല്‍സംഗക്കേസിനെയും വാളയാര്‍ കേസിനെയും പ്രിയങ്ക താരതമ്യപ്പെടുത്തുകയും ചെയ്തു.

ട്രയിനില്‍ കന്യാസ്ത്രീകളെ ആക്രമിച്ചതിനെ ആഭ്യന്തര മന്ത്രി അമിത് ഷാ തളളിപ്പറഞ്ഞത് തിരഞ്ഞെടുപ്പുകാലമായതിനാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്തുകേസില്‍ ഇടത് സര്‍ക്കാരിന്റെ നിലപാടിനെതിരേയും പ്രിയങ്ക ആഞ്ഞടിച്ചു. പിന്‍വാതില്‍ നിയമം, തിരഞ്ഞെടുപ്പ് മാനിഫെസ്റ്റൊവിലെ കോര്‍പറേറ്റ് ടച്ച്, സ്വര്‍ണക്കടത്ത്, ആഴക്കടല്‍ മല്‍സ്യബന്ധനക്കരാര്‍ തുടങ്ങിയവയെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. കരുാനഗപ്പള്ളിയില്‍ യുഡിഎഫ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി വദ്ര.

രാവിലെ കായംകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടിയുള്ള പ്രചാരണപരിപാടിയില്‍ പ്രിയങ്ക സംബന്ധിച്ചു. റോഡ് ഷോയില്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സ്ഥാനാര്‍ത്ഥി അരിത ബാബു പ്രിയങ്കയ്‌ക്കൊപ്പം റോഡ്‌ഷോയില്‍ തുറന്ന കാറില്‍ പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. അതിനുശേഷമാണ് കൊല്ലത്തും കൊട്ടാരക്കരയിലുമുള്ള യോഗങ്ങളില്‍ പ്രിയങ്ക സംസാരിച്ചത്.

Tags:    

Similar News