ലൗ ജിഹാദ്, പള്ളിപൊളിക്കല്‍, വിദ്വേഷപരാമര്‍ശം: യുപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയ്‌ക്കെതിരേ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍

Update: 2021-06-21 13:44 GMT

വാഷിങ്ടണ്‍: യുപിയില്‍ നടപ്പാക്കുന്ന മിശ്രവിവാഹങ്ങള്‍ക്കെതിരേയുള്ള നിയമം ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കുമെന്ന് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍.

തെറ്റായ ആഖ്യാനങ്ങളിലൂടെ മിശ്രവിവാഹിതരെ ക്രമിനല്‍ വിചാരണക്ക് വിധേയമാക്കുന്നത് വലിയ പീഡനങ്ങള്‍ക്കിടയാക്കുമെന്ന് യുഎന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍ നയരൂപീകരണ വിദഗ്ധ ലൈല മുഹമ്മദ് അഭിപ്രായപ്പെട്ടു. നിയമത്തിന്റെ വിവേചനപരമായ ഉദ്ദേശ്യം മാത്രമല്ല, നിയമത്തിലെ അവ്യക്തതകള്‍ സമൂഹത്തില്‍ വലിയ ആഘാതത്തിനിടക്കാമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിവിധ വിശ്വാസ വിഭാഗങ്ങള്‍ തമ്മിലുളള വിവിധ തരത്തിലുളള ബന്ധങ്ങള്‍ക്കെതിരേ ബഹിഷ്‌കരണ ഭീഷണിയിലൂടെയും മാധ്യമനിയന്ത്രണത്തിലൂടെയും വലിയ ക്യാംപയിനുകളാണ് ഹിന്ദു ദേശീയവാദികള്‍ നടത്തുന്നത്. ഇത് വിവിധ മതവിശ്വാസികള്‍ക്കിടയിലുള്ള ബന്ധങ്ങളെ നിയമവിരുദ്ധമാക്കുന്നു. നിയമങ്ങള്‍ ഇത്തരം ബന്ധങ്ങള്‍ പുലര്‍ത്തുന്ന ഹിന്ദുഇതര പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നതുമാണ്. കഴിഞ്ഞ മാസം യുപിയില്‍ നടന്ന പള്ളി പൊളിക്കല്‍ ഏറെ ആശങ്കയുയര്‍ത്തുന്ന സംഭവമായിരുന്നു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിം കോടതി നല്‍കിയ അനുമതിയും ആശങ്കയുണ്ടാക്കുന്നു- അവര്‍ പറഞ്ഞു.

രാജ്യത്തെ, പ്രത്യേകിച്ച് യുപിയിലെ അവസ്ഥയെ കുറിച്ചും കമ്മീഷന് ഭയമുണ്ടെന്ന് റിപോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലൈല മുഹമ്മദ് പറഞ്ഞു.

യുപിയിലെ പൗരാവകാശ ധ്വംസനം എന്ന് ശീര്‍കത്തിലുള്ള റിപോര്‍ട്ട് അവതരിപ്പിച്ചുകൊണ്ടുള്ള യോഗത്തില്‍ നയവിദഗ്ധരും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുഎസ്എ (എയുഎഎസ്എ), ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി), ഹിന്ദുക്കള്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്എഫ്എച്ച്ആര്‍), ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണല്‍ (ഐസിഡബ്ല്യുഐ), ദലിത് സോളിഡാരിറ്റി ഫോറം (ഡിഎസ്എഫ്), ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സെന്‍ഷന്‍ (ഐസിസി) ), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. 

ലൗ ജിഹാദ്, ആരോപണങ്ങളുടെ പേരില്‍ യുപി മാത്രമല്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളും നിയമം പാസ്സാക്കിയിട്ടുണ്ടെങ്കിലും ഇത്തരമൊരു പ്രതിഭാസം ഇന്ത്യയില്‍ ഇല്ലെന്നാണ് പല കോടതികളും വിവിധ വിധിന്യായങ്ങളിലൂടെ നിരീക്ഷിച്ചിട്ടുള്ളത്. 

Tags: