'ലൗ ജിഹാദ്' കേസുകള്‍ വര്‍ധിച്ചെന്ന്: മതംമാറ്റ നിരോധന നിയമത്തെ ന്യായീകരിച്ച് യു പി ഗവര്‍ണര്‍

Update: 2021-01-07 11:28 GMT

ന്യൂഡല്‍ഹി: യുപിയിലെ 'ലൗ ജിഹാദ്' നിയമത്തെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. പുതുതായി നടന്ന പല സര്‍വേകളും സ്ത്രീകളെ 'ലൗ ജിഹാദി'ല്‍ കുടുക്കി പീഡിപ്പിക്കുന്നതായി കണ്ടെത്തിയതായി ഗവര്‍ണര്‍ അവകാശപ്പെട്ടു. പുറത്തുവന്ന ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും അവര്‍ പറഞ്ഞു.

''നിരവധി പെണ്‍കുട്ടികളുടെ വിവാഹം ഇത്തരത്തില്‍ നടക്കുന്നതായി സര്‍വേയില്‍ തെളിഞ്ഞിട്ടുണ്ട്. നിലവധി പെണ്‍കുട്ടികള്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. പലരും തിരികെയെത്തി പരാതി നല്‍കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ പേര് മാറ്റിയെന്ന് ആരോപിച്ചും അറസ്റ്റ് ആവശ്യപ്പെട്ടും രക്ഷിതാക്കള്‍ പോലും വരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചപ്പോഴാണ് നിയമം കൊണ്ടുവന്നത്''- ഗവര്‍ണര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നേരിട്ട് മറുപടി പറയാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ''സ്ത്രീകള്‍ വേറെ പരാതികളുമായാണ് വരുന്നത്. നടപടി വേണ്ട കേസുകള്‍ സര്‍ക്കാരിലേക്ക് റഫര്‍ ചെയ്യും. ഇത്തരം നിരവധി പരാതികളാണ് ഉള്ളത്''- അവര്‍ പറഞ്ഞു.

'ലൗ ജിഹാദ്' നിരോധിക്കാനെന്ന പേരില്‍ വന്ന നിയമം മതംമാറ്റത്തെത്തന്നെ നിരോധിക്കുകയായിരുന്നുവെന്ന് നിയമം പാസ്സായ ശേഷം വന്ന റിപോര്‍ട്ടുകളില്‍ പറയുന്നു. മുസ്‌ലിം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെയാണ് വലത് സംഘടനകള്‍ 'ലൗ ജിഹാദ്' എന്ന് പറയുന്നത്.

2020 നവംബറില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മതംമാറ്റനിരോധന ഓര്‍ഡിനന്‍സ്, 2020 പ്രകാരം യുപിയില്‍ നിരവധി മുസ്‌ലിം പുരുഷന്മാരാണ് അറസ്റ്റിലായത്. നിയമം റദ്ദാക്കാന്‍ തയ്യാറായില്ലെങ്കിലും നിയമത്തിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കുമെന്ന് സുപ്രിംകോടതി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

ഉത്തര്‍പ്രദേശിന് പുറമെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, അസം സംസ്ഥാനങ്ങളും സമാനമായ നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്.

Tags: