'ലൗ ജിഹാദ്' ബില്‍: വിവാഹം നടത്തുന്ന പുരോഹിതനെയും പ്രതിയാക്കാനുള്ള നിയമവുമായി മധ്യപ്രദേശ്

'ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍' എന്നാണ് നിയമത്തിന്റെ പേര്. ഇതുപ്രകാരം വിവാഹത്തിനായി സ്വമേധയാ പരിവര്‍ത്തനം ചെയ്യുന്നതിന്, ഒരു മാസം മുമ്പുതന്നെ കലക്ടര്‍ക്ക് അപേക്ഷിക്കേണ്ടത് നിര്‍ബന്ധമാണെന്ന് മന്ത്രി പറഞ്ഞു.

Update: 2020-11-26 02:15 GMT

ഭോപ്പാല്‍: 'ലവ് ജിഹാദ്' ആരോപണങ്ങളുടെ പേരില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കുന്ന മതപരിവര്‍ത്തന നിരോധന നിയമത്തില്‍ വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതനെയും ശിക്ഷിക്കാന്‍ വ്യവസ്ഥ. മതംമാറ്റി വിവാഹം കഴിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷയാണ് നിയമത്തില്‍ പറയുന്നത്. മധ്യപ്രദേശ് കരട് ബില്‍ തയ്യാറാക്കിയിട്ടുണ്ടെന്നും വിവാഹം നടത്തിക്കൊടുക്കുന്ന മതപുരോഹിതര്‍ 5 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും സംസ്ഥാന മന്ത്രി നരോട്ടം മിശ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍' എന്നാണ് നിയമത്തിന്റെ പേര്. ഇതുപ്രകാരം വിവാഹത്തിനായി സ്വമേധയാ പരിവര്‍ത്തനം ചെയ്യുന്നതിന്, ഒരു മാസം മുമ്പുതന്നെ കലക്ടര്‍ക്ക് അപേക്ഷിക്കേണ്ടത് നിര്‍ബന്ധമാണെന്ന് മന്ത്രി പറഞ്ഞു. രക്ഷാധികാരികള്‍ക്ക് ഇത്തരം കേസുകളില്‍ പരാതിപ്പെടാമെന്നും അത്തരം വിവാഹങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന ആരെയും പ്രതിയായി കണക്കാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും.

Tags: