കൃഷ്ണ ഭഗവാനെ അപകീര്‍ത്തിപ്പെടുത്തുന്നു; ഗുജറാത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ 'കാമസൂത്ര' കത്തിച്ചു

Update: 2021-08-30 12:29 GMT

അഹമ്മദാബാദ്: കൃഷ്ണ ഭഗവാന്‍ അടക്കമുള്ള ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് ഗുജറാത്തിലെ അഹമ്മദാബാദില്‍ പുസ്തക വില്‍പ്പന കേന്ദ്രത്തിനു മുന്നില്‍ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദ് പരിഷത്ത് പ്രവര്‍ത്തകര്‍ കാമസൂത്രയുടെ പകര്‍പ്പ് കത്തിച്ചു.

പന്ത്രണ്ടോളം വരുന്ന പ്രവര്‍ത്തകര്‍ അഹമ്മദാബാദിലെ രജ്പത്ത് ക്ലബ്ബ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ലാറ്റിറ്റിയൂഡ് ഗിഫ്റ്റ് ആറ്റ് ബുക്ക് ചെയിന്‍ ഷോപ്പിലെത്തി പുസ്തകം വാങ്ങി കത്തിക്കുകയായിരുന്നു.

പുസ്തകം കത്തിക്കുന്ന വീഡിയോ വൈറലാണ്. കാമസൂത്ര ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും അശ്ലീലമായ രീതിയില്‍ ചിത്രീകരിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

കൃഷ്ണനെയും രാധയെയും അശ്ലീലമായി ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ കാമസൂത്രയിലുണ്ടെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഉല്‍സവ് ഭട്ടാചാര്യയാണ് ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത്.

പ്രവര്‍ത്തകര്‍ ഹര്‍ ഹര്‍ മഹാദേവ, ജെയ് ശ്രീരാം തുടങ്ങിയ മുദ്രാവങ്ങള്‍ മുഴക്കിയിരുന്നു.

ഹിന്ദു ദൈവങ്ങളെ അശ്ലീലത്തോടെ ചിത്രീകരിക്കുന്ന പുസ്തകങ്ങള്‍ വില്‍ക്കുന്നുവെന്ന പരാതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ബജ്‌റംഗ്ദള്‍ നോര്‍ത്ത് ഗുജറാത്ത് മേധാവി ജ്വലിത് മേത്ത പറഞ്ഞു.

''പ്രതിഷേധമെന്ന നിലയിലാണ് പുസ്തകം കത്തിച്ചത്. അഹമ്മദാബാദിലെ പുസ്തകക്കട ഉടമകള്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നതൊന്നും പാടില്ല. അടുത്ത തവണ കട തന്നെ കത്തിക്കും''- മേത്ത ഭീഷണി മുഴക്കി.

പുസ്തക പ്രസാധകരോ കടയുടമയോ പോലിസില്‍ പരാതി നല്‍കിയിട്ടില്ല. 

Tags: