ലോണി 'ഏറ്റുമുട്ടല്‍': നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ

Update: 2021-12-01 03:48 GMT

ന്യൂഡല്‍ഹി: ഗോവധ ആരോപണം ഉന്നയിച്ച് 7 മുസ് ലിം യുവാക്കളെ വെടിവച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട സിപിഎം പോളിറ്റ് ബ്യൂറോ. വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ലോണിയിലെ ഏഴ് മുസ്‌ലീം യുവാക്കളെ വെടിവച്ചശേഷം ഇരകള്‍ക്കെതിരേ കേസെടുത്ത സംഭവത്തിലാണ് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടത്. ഏഴ് പേരും ഇപ്പോള്‍ ജയിലിലാണ്. ഏഴ് പേരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ഇരകളുടെ വീട് സന്ദര്‍ശിച്ച സിപിഎം നേതാവ് ബൃന്ദ കാരാട്ടിനെതിരേ ഹീനമായ പ്രചാരണം നടത്തുന്ന ബിജെപിയുടെ നടപടിയെയും സിപിഎം അപലപിച്ചു.

''പോലീസ് നടപടിയെ അനുകൂലിക്കുന്നവരെന്ന പേരില്‍ ആളുകളെ സംഘടിപ്പിച്ച് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയ ബിജെപി എംഎല്‍എയാണ് ഇപ്പോള്‍ ഇരകളോടൊപ്പം നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്. 'ഗോവധം പ്രോത്സാഹിപ്പിക്കുന്നു' 'സാമൂഹ്യമൈത്രി തകര്‍ക്കുന്നു' എന്നീ ദുരുദ്ദേശ്യപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അതിന്മേല്‍ കേസെടുക്കാന്‍ പോലിസിനെ നിര്‍ബന്ധിക്കുന്നതും ഇതേ എംഎല്‍എയാണെന്നും'' സിപിഎം ആരോപിച്ചു.

നവംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. പോലിസ് പറയുന്ന കഥ ഇങ്ങനെ: നവംബര്‍ 11ന് രാവിലെ 6 മണിക്ക് ലോണിയിലെ ഹാജിപൂരില്‍ പോലിസ് സംഘം ഒരു സ്‌ക്രാപ്പ് ഗോഡൗണിലെത്തി. അവിടെ ഗോവധം നടക്കുന്നുവെന്ന വിവരം കേട്ടാണ് എത്തിയത്. അവിടെ ആ സമയത്ത് മൃഗങ്ങളെ അറക്കുകയാണ്. ഗൗഡൗണില്‍ 7 പേരുണ്ടായിരുന്നു. പോലിസിനെ കണ്ടപ്പോള്‍ ഏഴ് പേരും വെടിയുതിര്‍ത്തു. പോലിസും തിരിച്ച് വെടിവച്ചു. എല്ലാവരുടെയും കാലില്‍ ഉണ്ട തറച്ചു. ഗൗഡൗണില്‍ നിന്ന് ഏഴ് തോക്കുകളും രണ്ട് മഴുവും അഞ്ച് കത്തികളും 2 ബണ്ടില്‍ പ്ലാസ്റ്റിക് വയറുകളും പശുവിന്റെയും ചെറിയ ആനകളുടെയും മൃതദേഹങ്ങളും കണ്ടെത്തി.

സംഭവം പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധമുണ്ടായി. നവംബര്‍ 12ന് വെടിവയ്പിന് നേതൃത്വം നല്‍കിയ ത്യാഗിയെ പോലിസ് മറ്റൊരു സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റി.

Tags: